സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷിക ആഘോഷത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്‌

യുജിസിയുടെ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു.   

Last Updated : Sep 21, 2018, 06:09 PM IST
സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷിക ആഘോഷത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയ സെപ്തംബര്‍ 29ന് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ’ ആയി ആഘോഷിക്കാന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. 

യുജിസിയുടെ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ യുജിസി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടോ എന്നത് സംശയമാണ്. ഇത്തരം സര്‍ക്കുലറുകള്‍ രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ നേട്ടം കൊയ്യുന്നതാണ് ഈ നിര്‍ദ്ദേശത്തിന്‍റെ ഏക ഉദ്ദേശ്യം. സര്‍വകലാശാലകളുടെ സ്വാതന്ത്ര്യം തകര്‍ക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിബല്‍ ആരോപിച്ചു. നോട്ട് നിരോധനത്തിന്‍റെ വാര്‍ഷികം ആഘോഷിക്കണമെന്ന് പറഞ്ഞ് യുജിസി സര്‍വകലാശാലകള്‍ക്ക് സര്‍ക്കുലര്‍ നല്‍കുമോ എന്നും കപില്‍ സിബല്‍ ചോദിച്ചു.

2016 സെപ്റ്റംബര്‍ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്‍റെ ഓര്‍മ പുതുക്കാന്‍ സര്‍വകലാശാലകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനം ആഘോഷിക്കണമെന്നായിരുന്നു യുജിസി നിര്‍ദേശം. അന്ന് ഉറി ഭീകരാക്രണണത്തിന് തിരിച്ചടി എന്ന നിലയിലാണ് നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള ഏഴ് തീവ്രവാദകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്.

Trending News