താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന വീഡിയോ പുറത്ത്

വിവാദങ്ങള്‍ നിലനില്‍ക്കെ ഇന്ത്യയുടെ ചരിത്ര സ്മാരകമായ താജ്മഹലിനുള്ളില്‍ വച്ച് രണ്ടു യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Last Updated : Dec 14, 2017, 05:42 PM IST
താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ ഇന്ത്യയുടെ ചരിത്ര സ്മാരകമായ താജ്മഹലിനുള്ളില്‍ വച്ച് രണ്ടു യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരാള്‍ ശിവപൂജ നടത്തുന്നത് മറ്റൊരാള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത വീഡിയോയാണ് ബുധനാഴ്ച പുറത്തായത്. 

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരിക്കാം വീഡിയോ എടുത്തതെന്നാണ് കരുതുന്നത്. മാര്‍ബിളില്‍ പൂജയുടെ സാധനങ്ങള്‍ വെച്ച്‌ ഒരാള്‍ പൂജിക്കുന്നുണ്ടെന്ന് സന്ദര്‍ശകന്‍റെ വിവരത്തെ തുടര്‍ന്ന് താജ്മഹലിനുള്ളില്‍ വിന്യസിച്ച സി.ഐ.എസ്.എഫും മറ്റു സുരക്ഷാ ജീവനക്കാരും പരിശോധനക്കായി സ്ഥലത്തെത്തി അന്വേഷണം നടത്തി.

നേരത്തെ താജ്മഹല്‍ ശിവക്ഷേത്രമായ തേജോമഹാലയ ആണെന്ന് പ്രചാരണം നടന്നിരുന്നു. താജ്മഹലിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതോടെ വിവാദങ്ങള്‍ക്ക് കൊഴുപ്പുകൂടി. ഉത്തര്‍പ്രദേശ് ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതും വിവാദമായിരുന്നു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താജ്മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

Trending News