കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനാശക്തിയുടെ ദുരുപയോഗം: രാം ജത്മലാനി

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച സംസ്ഥാന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനും ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി.

Updated: May 17, 2018, 01:54 PM IST
കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനാശക്തിയുടെ ദുരുപയോഗം: രാം ജത്മലാനി

ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച സംസ്ഥാന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനും ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി.

ഗവര്‍ണ്ണറുടെ നടപടിയെ ഭരണഘടനാശക്തിയുടെ കടുത്ത ദുരുപയോഗമെന്ന് വിശേഷിപ്പിച്ച അദ്ദേഹം സ്വയം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജത്മലാനിയുടെ ഈ നീക്കം.

അതുകൂടാതെ, തന്‍റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാണ് അദ്ദേഹം 
ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമീപിച്ചിരിക്കുന്നത്‌.  എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ സുപ്രീം കോടതി ജത്മലാനിയോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍  വാദം കേള്‍ക്കുന്നത്. ഇതിന് മുന്‍പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്. 

ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ നടപടിയിലൂടെ ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ജത്മലാനി തന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതുകൂടാതെ, ഏതെങ്കിലും പാര്‍ട്ടിക്കെതിരല്ല തന്‍റെ ഹര്‍ജിയെന്ന് ചൂണ്ടിക്കാണിക്കാനും അദ്ദേഹം മറന്നില്ല. 

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ബുധനാഴ്ച രാത്രി വൈകിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി വെള്ളിയാഴ്ച കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

രാം ജത്മലാനി സമര്‍പ്പിച്ച ഹര്‍ജിയും നാളെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സുപ്രീം കോടതി പരിഗണിക്കുമെന്നാണ് സൂചന. 

അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ബിജെപിയുടെ ചേരി വിട്ട രാം ജത്മലാനിയുടെ ഈ പുതിയ നീക്കം രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.