നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍

  

Last Updated : Jul 14, 2018, 01:17 PM IST
നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍. സ്വര്‍ണം വാങ്ങിയ 50 പേരാണ് ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍ ഉള്ളത്. ഇവര്‍ നല്‍കിയ ആദായ നികുതി റിട്ടേണുകള്‍ വീണ്ടും പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നീരവില്‍ നിന്നും സ്വര്‍ണം, രത്‌നാഭരണങ്ങള്‍ എന്നിവ വാങ്ങിയ ചിലര്‍ പകുതി പണം ചെക്കായും അല്ലെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നല്‍കിയതിന് ശേഷം ബാക്കി കറന്‍സിയായി നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഒരുങ്ങുന്നത്.  ആദ്യപടിയായി വരുമാനത്തിന്‍റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കാനാണ് തീരുമാനം.

അതേ സമയം, കറന്‍സി ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നോട്ടീസ് നല്‍കിയ വ്യക്തികള്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ജാമ്യം ഉപയോഗിച്ച് 11,300 കോടി രൂപ നീരവ് മോദി തട്ടിയെടുത്തുവെന്നാണ് ആരോപണം. നീരവ് പഞ്ചാബ് നാഷനല്‍ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു. എന്നാല്‍, ഈ തുക ബാങ്കിന്‍റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ തന്നെ ബാങ്ക് ഗാരന്റി നല്‍കിയാണ് തട്ടിപ്പ് അരങ്ങേറിയത്.

എന്തായാലും ക്രമക്കേട് കണ്ടെത്തിയാല്‍ ഈ വ്യക്തികള്‍ക്കെതിരെ നികുതി വെട്ടിപ്പ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്ക്മെന്ന് ആധായ നികുതി വകുപ്പ് മുന്നറിയിപ്പ് നകിയിട്ടുണ്ട്.  

Trending News