കനത്ത സുരക്ഷയില്‍ കര്‍ണാടകത്തില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷങ്ങള്‍

കനത്ത സുരക്ഷയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഇന്ന് നടക്കും. ബിജെപിയുടെയും, തീവ്ര ഹിന്ദു സംഘടനയുടെയും എതിര്‍പ്പുള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

Updated: Nov 10, 2017, 11:45 AM IST
കനത്ത സുരക്ഷയില്‍ കര്‍ണാടകത്തില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷങ്ങള്‍

കര്‍ണ്ണാടക: കനത്ത സുരക്ഷയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഇന്ന് നടക്കും. ബിജെപിയുടെയും, തീവ്ര ഹിന്ദു സംഘടനയുടെയും എതിര്‍പ്പുള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ ഒന്‍പതു മുതല്‍ ശനിയാഴ്ച രാവിലെ 11 വരെയാണ് നിരോധനാജ്ഞ. കുടക് ഉടുപ്പി ജില്ലകളില്‍ സിആര്‍പിഎഫിനേയും, ആന്ധ്ര പോലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചു. 2015-ല്‍ കുടകില്‍ നടന്ന സംഘര്‍ഷങ്ങളില്‍ നാലുപേര്‍ മരിച്ച സാഹചര്യത്തിലാണ് കുടകില്‍ കൂടുതല്‍ സുരക്ഷ നല്‍കിയിരിക്കുന്നത്.  ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ പ്രധിഷേധിച്ച് ടിപ്പു ജയന്തി വിരോധ മുന്നണിയുടെ നേതൃത്വത്തില്‍ കുടക് ജില്ലയില്‍ ഇന്ന് ബന്ദ്‌ ആചരിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ബന്ദ്‌.  സുരക്ഷയുടെ ഭാഗമായി കണ്ണൂര്‍,വയനാട്,കാസര്‍ഗോഡ്‌,ഹാസന്‍,ബാല്ഷിന കന്നഡ,മൈസൂരു ജില്ലകളില്‍ നിന്ന് കുടകില്‍ പ്രവേശിക്കുന്ന കേന്ദ്രങ്ങളിലായി 10 ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും 40 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.  വൈകുന്നേരം ആറുമണിക്കാണ് വിധാന്‍ സൗധയില്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടികള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ പരിപാടി ഉദ്ഘാടനം ചെയ്യും.