ഭാര്യയുടെ ഓര്‍മ്മയ്ക്കായി താജ്മഹല്‍; പൂര്‍ത്തിയാക്കും മുന്‍പ് ഖദ്രി പോയി

1953ലാണ് താജാ മുല്ലി ബീവിയും ഫൈസല്‍ ഹസന്‍ ഖദ്രിയുമായുള്ള വിവാഹം നടന്നത്.   

Last Updated : Nov 11, 2018, 01:09 PM IST
ഭാര്യയുടെ ഓര്‍മ്മയ്ക്കായി താജ്മഹല്‍; പൂര്‍ത്തിയാക്കും മുന്‍പ് ഖദ്രി പോയി

ലഖ്നൗ: ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യയുടെ ഓർമ്മക്കായി താജ്മഹലിന് സമാനമായ മിനി താജ് മഹൽ നിർമ്മിച്ച ഫൈസല്‍ ഹസന്‍ ഖദ്രി വാഹനാപകടത്തില്‍ മരിച്ചു. റിട്ട. പോസ്റ്റ് മാസ്റ്ററായ ഖദ്രിക്ക് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 

തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. 1953ലാണ് താജാ മുല്ലി ബീവിയും ഫൈസല്‍ ഹസന്‍ ഖദ്രിയുമായുള്ള വിവാഹം നടന്നത്. പരസ്പര വിശ്വാസത്തോടെയും കരുതലോടെയുമായിരുന്നു ഇരുവരുടെയും ജീവിതം. 

അര്‍ബുദം ബാധിച്ച് അവശയായ താജാ മുല്ലി ബീവി  2012ലാണ് വിട പറഞ്ഞത്. തുടർന്ന് തന്‍റെ പ്രിയതമയ്ക്ക് വേണ്ടി ഖദ്രി താജ്മഹലിന് സമാനമായ സ്മാരകം നിര്‍മ്മിച്ചു തുടങ്ങി. തന്‍റെ കൈവശമുണ്ടായിരുന്ന സമ്പാദ്യം മുഴുവനും വിനിയോഗിച്ചെങ്കിലും സ്നേഹ കുടീരം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ഭാര്യക്ക് വേണ്ടി താജ്മഹൽ നിർമ്മിച്ച ഖദ്രിയുടെ വാർത്തയറിഞ്ഞ് അന്നത്തെ യുപി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് അദ്ദേഹത്തെ വിളിച്ചു വരുത്തി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യാദവിന്‍റെ വാഗ്ദാനം നിരസിച്ച ഖദ്രി പകരം തന്‍റെ ഗ്രാമത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി സ്കൂൾ നിർമ്മിക്കാൻ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

സ്മാരകം പൂർത്തീകരിക്കുന്നതിന് വേണ്ടി മാര്‍ബിള്‍ വാങ്ങാന്‍ ഖദ്രി രണ്ടുലക്ഷം രൂപ സമാഹരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാൽ താൻ ആശിച്ച് നിർമ്മാണം തുടങ്ങിയ കുടീരം പൂർത്തിയാക്കൻ വിധി ഖദ്രിയെ അനുവദിച്ചില്ലെന്നും താജാ മുല്ലി ബീവിയുടെ മൃതദേഹം സംസ്‌കരിച്ചതിന് തൊട്ടടുത്തുതന്നെ ഖദ്രിയെയും സംസ്‌കരിക്കാനാണ് തീരുമാനമെന്നും  ബന്ധുക്കൾ അറിയിച്ചു. കൂടാതെ ഉടൻ തന്നെ അദ്ദേഹത്തിന്‍റെ സ്വപ്നസ്മാരകത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ബന്ധുക്കള്‍ കൂട്ടിച്ചേർത്തു.

Trending News