കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹം സ്യൂട്ട്കേസില്‍; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി പിടിയില്‍

മൃതദേഹം സ്യൂട്ട്കേസിലാക്കി മുറിയില്‍ സൂക്ഷിച്ച അവ്ദേശ് ദുര്‍ഗന്ധം മറയ്ക്കുന്നതിനായി പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചു

Updated: Feb 14, 2018, 10:44 AM IST
കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹം സ്യൂട്ട്കേസില്‍; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി പിടിയില്‍

ന്യൂഡല്‍ഹി: ‍ഡല്‍ഹിയില്‍ ഒരു മാസം മുന്‍പ് കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹം വാടകയ്ക്ക് താമസിച്ചിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു. സ്യൂട്ട്കേസില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം. 

കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ 27കാരനായ അവ്ദേശ് ശക്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ഏഴിനാണ് നോര്‍ത്ത് ഡല്‍ഹി സ്വരൂപ് നഗറിലെ വീട്ടില്‍ നിന്ന് ആശിഷ് സൈനി എന്ന ഏഴുവയസുകാരനെ കാണാതാകുന്നത്. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കുട്ടിയുടെ തിരോധാനം അന്വേഷിച്ചു വരികയായിരുന്നു. അതിനിടെ, അവ്ദേശിന്‍റെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം അവ്ദേശിന്‍റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. 

ആശിഷിന്‍റെ മാതാപിതാക്കളുമായി അവ്ദേശ് വഴക്കിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നു അവ്ദേശ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, പിന്നീട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്യൂട്ട്കേസിലാക്കി മുറിയില്‍ സൂക്ഷിച്ച അവ്ദേശ് ദുര്‍ഗന്ധം മറയ്ക്കുന്നതിനായി പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചു. 

അടുത്തുള്ള താമസക്കാര്‍ ദുര്‍ഗന്ധത്തെക്കുറിച്ച് അവ്ദേശിനോട് ചോദിച്ചപ്പോഴെല്ലാം എലി ചത്ത് കിടക്കുന്നതാണെന്നായിരുന്നു അവ്ദേശ് പറഞ്ഞിരുന്നത്. അയല്‍ക്കാരെ വിശ്വസിപ്പിക്കുന്നതിനായി എലിയുടെ ജഡം കാണിക്കുകയും ചെയ്തു. ദിവസങ്ങള്‍ കഴുയുന്തോറും ദുര്‍ഗന്ധം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു.