ഇന്ത്യയില്‍ യുദ്ധവിമാന നിര്‍മ്മാണം: ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ച് അമേരിക്കന്‍ കമ്പനികള്‍

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രാദേശിക കമ്പനികളുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങളുടെ പിഴവുകളുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ കമ്പനികള്‍. നിര്‍മ്മാണത്തിന്‍റെ സാങ്കേതികവിദ്യ പങ്കു വയ്ക്കാനാവില്ലെന്നും അമേരിക്കന്‍ കമ്പനികള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനികള്‍ പ്രതിരോധമന്ത്രിക്ക് കത്തയച്ചു. ഈ രണ്ട് ഉറപ്പുകള്‍ ലഭിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. 

Last Updated : Sep 19, 2017, 07:54 PM IST
ഇന്ത്യയില്‍ യുദ്ധവിമാന നിര്‍മ്മാണം: ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ച് അമേരിക്കന്‍ കമ്പനികള്‍

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രാദേശിക കമ്പനികളുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങളുടെ പിഴവുകളുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ കമ്പനികള്‍. നിര്‍മ്മാണത്തിന്‍റെ സാങ്കേതികവിദ്യ പങ്കു വയ്ക്കാനാവില്ലെന്നും അമേരിക്കന്‍ കമ്പനികള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനികള്‍ പ്രതിരോധമന്ത്രിക്ക് കത്തയച്ചു. ഈ രണ്ട് ഉറപ്പുകള്‍ ലഭിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. 

യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രതിരോധമന്ത്രിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സുപ്രധാന പദ്ധതി ആയതിനാല്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തതയും ഉറപ്പും വേണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നു.

പ്രാദേശിക കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയ്ക്കാവശ്യമായ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനാണ് അമേരിക്കന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. സോവിയറ്റ് കാലത്തെ മിഗ് വിമാനങ്ങള്‍ മാറ്റി പുതിയ യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുകയായിരുന്നു ലക്ഷ്യം.  

അമേരിക്കന്‍ കമ്പനികളായ ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ് കമ്പനികളാണ് ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാമെന്ന് സമ്മതിച്ചിരുന്നത്. എന്നാല്‍ പ്രദേശിക കമ്പനികളുമായി നിര്‍മ്മാണ സാങ്കേതികവിദ്യ പങ്കു വയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് യു.എസ് കമ്പനികള്‍. നിലവില്‍ ഹിന്ദുസ്ഥാന്‍ എയറണോട്ടിക്സ് ലിമിറ്റഡിന് മാത്രമാണ് ഇന്ത്യയില്‍ ഇത്തരം വിമാനങ്ങള്‍ നിര്‍മിച്ച് പരിചയമുള്ളത്. യുദ്ധവിമാന നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത കമ്പനികളുമായി സഹകരിച്ചുണ്ടാക്കുന്ന വിമാനങ്ങളുടെ നിര്‍മ്മാണത്തകരാറുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അമേരിക്കന്‍ കമ്പനികള്‍ പറയുന്നു. 

ഈ സാഹചര്യത്തില്‍, അമേരിക്കയുടെ സഹകരണത്തോടെ തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാമെന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയാണ് താളം തെറ്റുക. ഇത് മെയ്ക്ക് ഇന്‍ പദ്ധതിയുടെ ശോഭ കെടുത്തുമെന്നാണ് വിലയിരുത്തല്‍. 

Trending News