വിവിപാറ്റ് മതി; ബാലറ്റ് പേപ്പര്‍ നീക്കത്തെ തള്ളി സിപിഐഎം

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന അഭിപ്രായവുമായി സിപിഐഎം. 

Last Updated : Aug 4, 2018, 12:57 PM IST
വിവിപാറ്റ് മതി; ബാലറ്റ് പേപ്പര്‍ നീക്കത്തെ തള്ളി സിപിഐഎം

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന അഭിപ്രായവുമായി സിപിഐഎം. 

തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള 15 ല്‍ അധികം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കെയാണ് സിപിഐഎം മൃദു സമീപനവുമായി രംഗത്തെത്തിയത്.   

അതിന് പാര്‍ട്ടി നിരത്തുന്ന കാരണം, ബാലറ്റിലേക്ക് മടങ്ങുന്നത് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകു൦ എന്നതാണ്. 
വോട്ടിംഗ് യന്ത്രത്തില്‍ വിവിപാറ്റ് ഘടിപ്പിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ പുതിയ നിലപാട്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്‌. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം എസ്.പി, ബി.എസ്.പി, ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, എന്‍.സി.പി, എ.എ.പി, ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ഇതുവരെയുള്ള സൂചന. ഇക്കാര്യത്തില്‍ ശിവസേനയും പ്രതിപക്ഷത്തിനൊപ്പമാണ്.  

ഈ വിഷയത്തില്‍ സിപിഐഎം പിന്തുണയ്ക്കും എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ. എന്നാല്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സിപിഐഎം പിബി തീരുമാനമെടുക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നിരുന്നുവെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ്  പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ലോകരാഷ്ട്രങ്ങള്‍ പരിശോധിച്ചാല്‍ വളരെ കുറച്ച് രാജ്യങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വോട്ടിംഗ് യന്ത്ര൦ ഉപയോഗിക്കുന്നതായി കാണുവാന്‍ കഴിയും. മിക്ക സമ്പന്ന രാജ്യങ്ങളും സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ ബാലറ്റ് പേപ്പറാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍  സുതാര്യത നിലനിര്‍ത്താനാണ് ഇത്. 

 

 

Trending News