'എം.പി എന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ല', പരിഹാസപാത്രമായി സുപ്രിംകോടതിയില്‍ മനോജ് തിവാരി

അധികാരത്തിന്‍റെ ഗര്‍വ്വില്‍ വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ് ബി.ജെ.പി. ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ മനോജ് തിവാരി. 

Last Updated : Sep 25, 2018, 04:03 PM IST
 'എം.പി എന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ല', പരിഹാസപാത്രമായി സുപ്രിംകോടതിയില്‍ മനോജ് തിവാരി

ന്യൂഡല്‍ഹി: അധികാരത്തിന്‍റെ ഗര്‍വ്വില്‍ വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ് ബി.ജെ.പി. ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ മനോജ് തിവാരി. 

സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം സീല്‍ ചെയ്യപ്പെട്ട കെട്ടിടത്തിന്‍റെ പൂട്ട് തകര്‍ത്തതിന് കഴിഞ്ഞ 19ന് മനോജ് തിവാരിയ്ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഉത്തരവ്‌ പ്രകാരം കോടതിയില്‍ ഹാജരായ മനോജ്‌ തിവാരിക്ക് കോടതിയില്‍  രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. 

പാര്‍ലമെന്‍റ് അംഗമാവുകയെന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ലെന്ന് കോടതി ചൂണ്ടികാട്ടി. കൂടാതെ തിവാരിയുടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലെ പരാമര്‍ശവും കോടതി വിഷയമാക്കി. 'ടെലിവിഷൻ അഭിമുഖത്തിൽ ഡൽഹിയിൽ സീല്‍ ചെയ്യാത്ത 1000 അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന്​ താങ്കൾ ആരോപിച്ചിരുന്നു. ആ ആയിരം കെട്ടിടങ്ങളുടെ ലിസ്​റ്റ്​ കോടതിയിൽ സമർപ്പിക്കണം. ലിസ്​റ്റ്​ നൽകിയാൽ അത്​ പൂട്ടിക്കാനുള്ള അധികാരം നിങ്ങൾക്ക്​ നൽകും', കേസ്​ പരിഗണിച്ച മൂന്നംഗ ബെഞ്ച്​ മനോജ്​ തിവാരിയോട്​ നിർദേശിച്ചു.  

രാജ്യതലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അനധികൃതമാണെന്ന് കണ്ടെത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു. ഈ കെട്ടിടത്തിന്‍റെയാണ് മനോജ്‌ തിവാരി പൂട്ട്‌ തകര്‍ത്തത്. 

കൂടാതെ, മനോജ് തിവാരി പൂട്ട് തകര്‍ക്കുന്നതിന്‍റെ വീഡിയോ മുതിര്‍ന്ന അഭിഭാഷകനും അമിക്കസ്‌ക്യൂറിയുമായ രഞ്ജിത് കുമാര്‍ ഹാജരാക്കിയിരുന്നു.

 

Trending News