2019ൽ ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കും: ഭിം ആര്‍മി

ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് ദളിത് മുന്നേറ്റ സംഘടനയായ ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍. ബിജെപി ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച അദ്ദേഹം 2019 ല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും പറഞ്ഞു.

Updated: Sep 14, 2018, 04:43 PM IST
2019ൽ ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കും: ഭിം ആര്‍മി

ന്യൂഡല്‍ഹി: ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് ദളിത് മുന്നേറ്റ സംഘടനയായ ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍. ബിജെപി ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച അദ്ദേഹം 2019 ല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും പറഞ്ഞു.

സഹരണ്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട് 2017ല്‍ അറസ്റ്റിലായ അദ്ദേഹം വെള്ളിയാഴ്ചയാണ് ജയില്‍ മോചിതനായത്. ദേശീയ സുരക്ഷാ വകുപ്പു പ്രകാരമായിരുന്നു അദ്ദേഹത്തിന്‍റെ അറസ്റ്റ്.   

തന്നെ ജയിലിലടച്ചതിന്‍റെ പരിണതഫലത്തെ ഭയന്നാണ് ഇപ്പോള്‍ തന്നെ മോചിപ്പിച്ചതെന്ന് ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കൂടാതെ, സുപ്രീംകോടതിയില്‍ വലിയ തിരിച്ചടി നേരിടുമെന്ന ഭയവുമാണ് തന്നെ നേരത്തെ മോചിപ്പിച്ചതിനു പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്ന ബിജെപിയ്ക്ക് പരാജയം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത 20വര്‍ഷത്തേയ്ക്ക് ബിജെപിയ്ക്ക് അധികാരം അന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പത്തു ദിവസത്തിനകം തന്നെ വീണ്ടും കള്ളക്കേസില്‍ കുടുക്കുമെന്നും ജയില്‍ മോചിതനായ അദ്ദേഹം പറഞ്ഞു. 

വെള്ളിയാഴ്ച അതിരാവിലെ ജയില്‍ മോചിതനായ അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. 

സഹരണ്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട് 2017 ജൂണ്‍ 8ന് അറസ്റ്റിലായ അദ്ദേഹത്തിന് 2017 നവംബര്‍ 2ന് അലഹബാദ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച് 24 മണിക്കൂറിനകം ദേശീയ സുരക്ഷാ വകുപ്പു പ്രകാര൦ പൊലീസ് വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
ഭിം ആര്‍മി നേതാവ് ചന്ദ്രശേഖറിന്‍റെ മോചനം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണെന്നാണ് രാഷ്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചന്ദ്രശേഖറിന്‍റെ മോചനം ദളിത് വോട്ടുകള്‍ നേടാന്‍ സഹായകമാവുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ ജയില്‍ മോചിതനായ ചന്ദ്രശേഖറിന്‍റെ വാക്കുകള്‍ മറ്റൊരു വസ്തുതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.