മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെവീഴും: സദാനന്ദ ഗൗഡ

വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിനിപ്പോഴും വിശ്വാസമുണ്ട് പതിനാല് പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കയ്യില്‍ വരുമെന്ന്. 

Last Updated : May 22, 2018, 11:17 AM IST
മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെവീഴും: സദാനന്ദ ഗൗഡ

ബംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ, ഭൂരിപക്ഷമുണ്ടാക്കാനുളള ശ്രമങ്ങള്‍ തല്‍കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. അതിനിടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും.

വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിനിപ്പോഴും വിശ്വാസമുണ്ട് പതിനാല് പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കയ്യില്‍ വരുമെന്ന്. ആദ്യ ചുവട് പാളി. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ, വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പും.

ഡി കെ ശിവകുമാറിന്‍റെ തന്ത്രങ്ങളും കൈക്കൂലി ടേപ്പുകളും പ്രതിരോധത്തിലാക്കിയ ബിജെപി തത്കാലം ഒന്നിനുമില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറയുന്നു. ജെഡിഎസിനും കോണ്‍ഗ്രസിനുമില്ലാത്ത പ്രതീക്ഷയാണ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ ബിജെപിക്കുണ്ടെന്ന വസ്തുത സദാനന്ദ ഗൗഡ മറച്ചുവക്കുന്നുമില്ല. ഇപ്പോള്‍ തന്നെ തമ്മിലടി തുടങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം മൂന്നുമാസം തികയ്ക്കില്ലെന്ന് സദാനന്ദ ഗൗഡ പറയുന്നു.

ജയനഗര്‍, ആര്‍ആര്‍നഗര്‍ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നേതൃത്വം. അതിന്‍റെ ചുമതല അനന്ത് കുമാറിനും സദാനന്ദ ഗൗഡക്കും നല്‍കിയിട്ടുണ്ട്. സഭയില്‍ അംഗസംഖ്യ കൂട്ടിയാല്‍ മാത്രമേ ഇനി വിശ്വാസം ജയിക്കാന്‍ വഴിയുളളൂ. 

Trending News