യവത്മല്‍ കര്‍ഷകമരണം: കൃഷിവികസന ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

  മഹാരാഷ്ട്രയിലെ യവത്മലില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ജില്ലാ കൃഷിവികസന ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിരുന്നു.

Last Updated : Oct 13, 2017, 01:18 PM IST
യവത്മല്‍ കര്‍ഷകമരണം: കൃഷിവികസന ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

യവത്മല്‍:  മഹാരാഷ്ട്രയിലെ യവത്മലില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ജില്ലാ കൃഷിവികസന ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇതേ കാരണത്താല്‍ ചില കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കീടനാശിനിപ്രയോഗം ഇവരെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുകൂടാതെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, കേന്ദ്ര കൃഷി വകുപ്പു സെക്രട്ടറി എന്നിവര്‍ക്കും നോട്ടീസ് നല്‍കി. നാലാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.

ചില കര്‍ഷകര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ തന്നെ കര്‍ഷക ആത്മഹത്യയാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സ്ഥലമാണ് യവത്മല്‍. പ്രൊഫെക്‌സ് സൂപ്പര്‍ എന്ന കീടനാശിനിയാണ് കര്‍ഷകരുടെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലം പരുത്തിചെടികളില്‍ ഈ വര്‍ഷം കീടങ്ങളുടെ ആക്രമണം അധികരിച്ചിരുന്നു. ഈ കീടങ്ങളെ പ്രതിരോധിക്കാന്‍ കൂടിയ അളവില്‍ കര്‍ഷകര്‍ കീടനാശിനി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ദുരന്തത്തിന്റെ തുടക്കം. കീടനാശിനി പ്രയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

Trending News