രാജിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച് യെദ്യൂരപ്പ

രാജിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ബി.എസ് യെദ്യൂരപ്പ. സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജി പ്രഖ്യാപിച്ച യെദ്യൂരപ്പ രാജ്യത്ത് ഏറ്റവും കുറവ് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 

Last Updated : May 19, 2018, 04:54 PM IST
രാജിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച് യെദ്യൂരപ്പ

ബെംഗളൂരു: രാജിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ബി.എസ് യെദ്യൂരപ്പ. സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജി പ്രഖ്യാപിച്ച യെദ്യൂരപ്പ രാജ്യത്ത് ഏറ്റവും കുറവ് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 

മെയ് 17ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നത് വെറും 55 മണിക്കൂറുകള്‍ മാത്രമാണ്. മൂന്നാം തവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. 2007 നവംബറിലായിരുന്നു യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അന്ന് പക്ഷേ, ഏഴ് ദിവസം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നത്. തുടര്‍ന്ന് സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. 

എന്നാല്‍ അതിന് ശേഷം 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടി. തുടര്‍ന്ന് മെയ് 30ന് കര്‍ണാടകത്തിന്‍റെ 25-ാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. തെക്കേ ഇന്ത്യയില്‍ അധികാരത്തിലെത്തിയ ആദ്യ ബിജെപി നേതാവായി യെദ്യൂരപ്പ. 

ദേശീയ രാഷ്ട്രീയത്തില്‍ യെദ്യൂരപ്പയുടെ താരപരിവേഷം പക്ഷേ അഴിമതി ആരോപണങ്ങളില്‍പ്പെട്ട് നിറം മങ്ങി. കർണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടു എന്നതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നു. 

ഖനി അഴിമതിക്കേസിൽ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പാര്‍ട്ടി വിട്ട ഇദ്ദേഹം കർണാടക ജനതാ പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് പിണക്കം മറന്ന് ബിജെപിയില്‍ തന്നെ തിരിച്ചെത്തി. അഴിമതിക്കേസുകളില്‍പ്പെട്ട് പ്രതിഛായ മങ്ങിയെങ്കിലും തെക്കേ ഇന്ത്യയിലെ ബിജെപിയുടെ പ്രബലനായ നേതാവ് എന്ന നിലയില്‍ യെദ്യൂരപ്പ തന്‍റെ പ്രധാന്യം പിടിച്ചു നിറുത്തി. 

രാഷ്ട്രീയ അഗ്നിപരീക്ഷ ഒരിക്കല്‍ക്കൂടി നേരിടേണ്ടി വന്ന യെദ്യൂരപ്പ 2008 വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് വികാരനിര്‍ഭരമായ വിടവാങ്ങള്‍ പ്രസംഗം ഇന്ന് വിധാന്‍ സൗധയില്‍ കാഴ്ച വച്ചത്. 2007ല്‍ ഏഴ് ദിവസം മാത്രം മുഖ്യമന്ത്രി പദത്തില്‍ ഇരുന്നതിന് ശേഷം രാജി വച്ചെങ്കിലും അത് കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയിരുന്നു. ഇത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെയും യെദ്യൂരപ്പയുടെയും പ്രതീക്ഷ. 

Trending News