കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന് ആദിത്യനാഥ്

  

Updated: Jan 13, 2018, 01:10 PM IST
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന് ആദിത്യനാഥ്
Courtesy: ANI

ലഖ്‌നൗ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന് വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വര്‍ഗീയ വിഭാഗീയത ഉണ്ടാക്കാന്‍ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യോഗി ആദിത്യനാഥ് കോണ്‍ഗ്രസ്സിനും സിദ്ധരാമയ്യയ്ക്കുമെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന വീഡിയോ ഉത്തര്‍പ്രദേശ് ബിജെപിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. താനുമൊരു ഹിന്ദുവാണെന്ന സിദ്ധരാമയ്യയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തെ കടന്നാക്രമിച്ചാണ് യോഗിയുടെ വാക്കുകള്‍. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ഫോട്ടോയും ട്വിറ്ററിലെ വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

ആര്‍എസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്ടെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഇരുകൂട്ടരും ഹിന്ദുതീവ്രവാദികളാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരണവും നല്‍കി. താനും  ഒരു ഹിന്ദുവാണ്,പക്ഷേ അവരില്‍ നിന്ന് വ്യത്യസ്തമായി തനിക്ക് മനുഷ്യത്വം ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യോഗി ആദിത്യനാഥിന്‍റെ പുതിയ വീഡിയോ.   ഈ സാമ്പത്തിക വര്‍ഷം കര്‍ണാടകയിലുണ്ടായ 1002 കര്‍ഷക ആത്മഹത്യകളെക്കുറിച്ചും സിദ്ധരാമയ്യയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്. മുന്‍പ് ബംഗളൂരൂവില്‍ ആദിത്യനാഥ് നടത്തിയ റാലിയില്‍  സിദ്ധരാമയ്യ രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കലര്‍ത്തുകയാണെന്നും അങ്ങനെ രാഹുല്‍ ഗാന്ധിയുടെ പാത പിന്തുടരുകയാണെന്നുമുള്ള  ആരോപണം ഉയര്‍ത്തിയിരുന്നു.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close