വിപണിയില്‍ 18 ശതമാനവും മായം കലര്‍ന്ന മത്സ്യം; നടപടിയുമായി ഫിഷറീസ് വകുപ്പ്

കേരളത്തിന് പുറത്തു നിന്ന് വരുന്ന മത്‌സ്യത്തിലാണ് കൂടുതല്‍ മായം കണ്ടെത്തിയിട്ടുള്ളത്

Updated: Feb 14, 2018, 04:16 PM IST
വിപണിയില്‍ 18 ശതമാനവും മായം കലര്‍ന്ന മത്സ്യം; നടപടിയുമായി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. മത്സ്യത്തിലെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത 'സിഫ്‌ടെസ്റ്റ്' നടത്താനാണ് തീരുമാനം. 

സിഫ്‌ടെസ്റ്റ് എന്ന പേരില്‍ രണ്ടു തരം പരിശോധന കിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു കിറ്റില്‍ 50 സ്ട്രിപ്പുകളുണ്ട്. സ്ട്രിപ്പ് മത്സ്യത്തിന്റെ പുറത്ത് ഉരസിയ ശേഷം പ്രത്യേക ലായനി പുരട്ടി മായം കലന്നിട്ടുണ്ടോയെന്ന് കണ്ടെത്താം. മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പില്‍ നിറ വ്യത്യാസം ഉണ്ടാവും. 

കേരളത്തിലെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 

അമോണിയയുടെ അനുവദനീയ അളവ് 300 പി. പി. എമ്മും ഫോര്‍മാള്‍ഡിഹൈഡിന്‍റേത് നാല് പി. പി. എമ്മുമാണ്. ഒരു സ്ട്രിപ്പിന് രണ്ടു രൂപ വില വരും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ വില കുറയും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 

'പുറത്തു നിന്ന് വരുന്ന മത്സ്യത്തില്‍ കൂടുതല്‍ മായം'
പതിനാലു ജില്ലകളിലെയും വിവിധ മാര്‍ക്കറ്റുകളില്‍ ആറു മാസത്തെ പരീക്ഷണ പരിശോധന പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 18 ശതമാനം മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. 

മത്സ്യത്തില്‍ മായം ചേര്‍ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തു നിന്ന് വരുന്ന മത്‌സ്യത്തിലാണ് കൂടുതല്‍ മായം കണ്ടെത്തിയിട്ടുള്ളത്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close