close
This ad will auto close in 10 seconds


ഇന്ത്യയില്‍ ബ്ലൂ വെയില്‍ ഗെയിം കേസുകള്‍ വര്‍ദ്ധിക്കുന്നു

Last Updated: Friday, August 11, 2017 - 14:56
ഇന്ത്യയില്‍ ബ്ലൂ വെയില്‍ ഗെയിം കേസുകള്‍ വര്‍ദ്ധിക്കുന്നു

ഇന്‍ഡോര്‍: രണ്ട് ബ്ലൂവെയില്‍  ഗെയിം കേസുകള്‍കൂടി ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു.

ഗെയിമിന്‍റെ അവസാന സ്റ്റേജ് പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെ കൂട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ചമേലി ദേവി പബ്ലിക് സ്‌കൂളിലാണ്. 

ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു ഗെയിമിന്‍റെ  അന്‍പതാമത്തെ ലെവല്‍ പൂര്‍ത്തികരിക്കാന്‍ കെട്ടിടത്തിന്‍റെ  മുകളില്‍നിന്നു ചാടാനൊരുങ്ങിയത്. കുട്ടിയെ കൂട്ടുകാര്‍ തക്കസമയത്ത് പിന്നിലേക്കു വലിച്ച് രക്ഷപെടുത്തി. 

പോലീസിന്‍റെ നിഗമനത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളാലായി കുട്ടി ഗെയിം കളിച്ചിരുന്നു. ഗെയിം പൂര്‍ത്തിയാക്കിയാല്‍ രണ്ടു കോടി രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു കുട്ടിക്കു ലഭിച്ച വാഗ്ദാനം. പിതാവിന്‍റെ മൊബൈലിലാണു കുട്ടി ഗെയിം കളിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു മാതാപിതാക്കള്‍ക്കു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 

കുട്ടിയെ മനശ്ശാസ്ത്രജ്ഞനെ കാണിക്കുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നാമത്തെ ബ്ലൂവെയില്‍  ഗെയിം കേസ് മുംബൈയില്‍ നിന്നുമാണ് പുറത്തു വന്നിരിക്കുന്നത്. ഈ കേസിലും തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. 

ഗെയിമിന്‍റെ അവസാന ലെവല്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി സോലാപുര്‍ ജില്ലയില്‍നിന്നും പൂനെയിലേയ്ക്കുള്ള യാത്രാ മദ്ധ്യേയാണ് പോലീസ് ഇടപെട്ട് കുട്ടിയെ രക്ഷിക്കുന്നത്.  

കുട്ടിയെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. പോലീസിന്‍റെ കൃത്യമായ ഇടപെടല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായി.

അന്ധേരിയിലെ ഷേര്‍-ഇ-പഞ്ചാബ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്ന്‍ ചാടി മരിച്ച മന്‍പ്രീത് സഹാന്‍സ് എന്ന പതിനാലുകാരന്‍റെ മരണം ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂ വെയിൽ ‍(നീലത്തിമിംഗലം) കാരണമായിരുന്നു.  

റഷ്യയിലാണ് ഈ ഗെയിം ആദ്യം പ്രചരിച്ചത്. ഫിലിപ്പ് ബുഡെയ്കിന്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ ആണ് ഈ ഗെയിം ഉണ്ടാക്കിയത്. ഇയാളിപ്പോള്‍ സൈബീരിയന്‍ ജയിലില്‍ മൂന്നു വര്‍ഷത്തെ തടവിലാണ്. ലോകവ്യാപകമായി 130ല്‍ അധികം കുട്ടികളുടെ ആത്മഹത്യയ്ക്ക് ഈ ഗെയിം  കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  



First Published: Friday, August 11, 2017 - 14:56
comments powered by Disqus