നടി ആക്രമിക്കപ്പെട്ട കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയില്‍

മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തത്. പക്ഷപാതപരമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തന്‍റെ ഭാഗം കേട്ടില്ല. അതിനാൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും താരത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു.

Updated: Jun 14, 2018, 08:48 AM IST
നടി ആക്രമിക്കപ്പെട്ട കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ബെ‌ഞ്ച് ഇന്ന് പരിഗണിക്കും. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തത്. പക്ഷപാതപരമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തന്‍റെ ഭാഗം കേട്ടില്ല. അതിനാൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും താരത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു.

എന്നാൽ, സിബിഐ അന്വേഷിക്കണമെന്ന പ്രതിയായ ദിലീപിന് ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ഇക്കാര്യം വിവിധ കോടതികൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്‍റെ വിചാരണ വൈകിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപിന്‍റെ ഹർജിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുക്കും. 2017 ഫെബ്രുവരി 17നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ ആദ്യം ഭയന്ന നടി പിന്നീട് സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പണത്തിന് വേണ്ടിയുള്ള തട്ടികൊണ്ടുപോകലായിരുന്നുവെന്നായിരുന്നു പ്രതികളുടെ മൊഴിയെങ്കിലും ദിലീപിന്‍റെ പങ്ക് അന്ന് തന്നെ ചര്‍ച്ചയായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ജൂലൈ 10ന് വൈകിട്ട് ആറ് മണിയോടെ നാടകീയമായാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സഹ പ്രവര്‍ത്തകയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ഗൂഢാലോചന, ബലാത്സംഘം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ താരത്തിനെതിരെ ചുമത്തി. പിന്നീട് 85 ദിവസം ആലുവ സബ് ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. നവംബര്‍ 22ന് പോലീസ് ദിലീപിനെ എട്ടാം പ്രതിയാക്കി അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.