മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാത്ത പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ നടന്‍ സമീപിച്ചത്. 

Last Updated : Dec 3, 2018, 10:21 AM IST
മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപിന്‍റെ ഹര്‍ജി. 

ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ ഈയാവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളിയിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. 

എഡിറ്റിങ് നടത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളത്. ഒരു സ്ത്രീയുടെ ശബ്ദമുണ്ടായിരുന്നത് മായ്ച്ചുകളഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് അത്യാവശ്യമാണ്. പ്രതിയെന്ന നിലയില്‍ തെളിവ് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹര്‍ജിയില്‍ പറയുന്നു.

വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാത്ത പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ നടന്‍ സമീപിച്ചത്. ഇരയായ നടിയുടെ സ്വകാര്യത ചൂണ്ടിക്കാട്ടി തെളിവ് കൈമാറുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ദിലീപിനായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്ത്തഗിയാണ് ഹാജരാവുക. കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു.

കുറ്റപത്രത്തോടൊപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പൊലീസ് കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു.

Trending News