ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്ക്. 

Last Updated : Jan 12, 2019, 03:08 PM IST
ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഐആര്‍ഇ പ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. സമരസമിതി പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല.

അതേസമയം ഖനനത്തിനെതിരായ സമരത്തിൽ സമരസമിതി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി അറിയിച്ചു. സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

പൊൻമന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യൻ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കുന്നു. 

89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു. പൊൻമനയില്‍ നിന്നും 30 വര്‍ഷത്തിന് മുൻപ് 1500  കുടുംബങ്ങളുണ്ടായിരുന്നു എങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. 

ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്ക്. ഖനനത്തിന്‍റെ ഫലമായി ടിഎസ് കനാലും അറബിക്കടലും തമ്മിലുള്ള അകലം ദിവസങ്ങള്‍ കഴിയുന്തോറും കുറയുകയാണ്.

കായലില്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ രഹസ്യമായി വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് രണ്ട് ഡ്രഡ്ജര്‍ ഉപയോഗിച്ച് ഖനനം നടത്തിയത്. ഖനനത്തെത്തുടര്‍ന്ന് ടിഎസ് കായലിന്റെ ഒരു ഭാഗം തന്നെ ഇല്ലാതായി. മണല്‍ മോട്ടോര്‍ വഴി ഐആര്‍ഇയുടെ പ്രദേശത്ത് വന്ന് വീഴുന്നതും കാണാം.

ആ മണല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അതിവേഗം കായല്‍ തീരത്ത് നിന്ന് മാറ്റും. ഈ പ്രദേശത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും കായല്‍ കയ്യേറി ഖനനം നടത്തുന്നതിന്റെ യഥാര്‍ത്ഥ ചിത്രം.

പൊതു ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഐആര്‍ഇയ്ക്കകത്ത് പ്രവേശനമില്ലാത്തതിനാല്‍ ആരെയും പേടിക്കാതെയാണ് നിയമലംഘനം നടത്തുന്നത്.

Trending News