ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്‍റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്‍റണി. 

Last Updated : Dec 11, 2018, 05:14 PM IST
ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ്   ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്‍റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്‍റണി. 

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിര ശക്തിപ്പെടുമെന്നും മോദി മുക്ത ഭാരതം വരുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്‌ പ്രതികരിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണെന്ന് അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനവട്ട ഫലങ്ങള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.
തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി. എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌, ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 

2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലായി വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവാണ് കോണ്‍ഗ്രസ്‌ നടത്തിയത്. ദേശീയ രാഷ്ട്രീയത്തിന്‍റെതന്നെ ഗതി നിര്‍ണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. 

എന്നാല്‍, രാജസ്ഥാനില്‍ കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന് വലിയ മുന്നേറ്റം സാധ്യമായില്ല. അതേസമയം ഛത്തീസ്ഗഡിലെ പ്രവചനങ്ങള്‍ തെറ്റിച്ച് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം സ്വന്തമാക്കി. 

2019 ലെ പൊതുതെരഞ്ഞെടുപ്പിലെ സഖ്യങ്ങളെയും മുന്നണികളെയും രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ഈ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

2019ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്നാണ് ഈ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

 

Trending News