ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത

  

Last Updated : Mar 13, 2018, 08:35 AM IST
ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത

ആലപ്പുഴ: ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ആളാരെന്ന് തീരുമാനമാവുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായത്. ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ (എല്‍ഡിഎഫ്), കെപിസിസി നിര്‍വാഹകസമിതിയംഗം ഡി.വിജയകുമാര്‍ (യുഡിഎഫ്), ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്.ശ്രീധരന്‍പിള്ള (എന്‍ഡിഎ.) എന്നിവരാണ് മുന്നണിസ്ഥാനാര്‍ഥികള്‍.

യുഡിഎഫ് മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. എന്നാല്‍ ഇവിടെ ഇപ്പോള്‍ ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണിപ്പോള്‍. രാഷ്ട്രീയത്തിനപ്പുറം ജാതിസമവാക്യങ്ങളും നിര്‍ണായകമെന്നതാണ് ഈ മണ്ഡലത്തിന്‍റെ സവിശേഷത. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇവിടെ ജാതിയും ഒരു ഘടകമാണ്. ഹിന്ദു ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തില്‍ നായര്‍സമുദായമാണ് മുമ്പില്‍. അതിനുപിന്നില്‍ ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. ഏതാണ്ട് എല്ലാ സമുദായങ്ങളും ഏറിയും കുറഞ്ഞും ഉള്ള മണ്ഡലംകൂടിയാണ് ചെങ്ങന്നൂര്‍.

30 വര്‍ഷത്തെ ചരിത്രമെടുത്താല്‍ രണ്ടുതവണ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി ഇവിടെനിന്ന് ജയിച്ചിട്ടുള്ളത്. 1987ല്‍ മാമ്മന്‍ ഐപ്പും 2016ല്‍ കെ.കെ.രാമചന്ദ്രന്‍ നായരും. 1991മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ വിജയിച്ചത് യു.ഡി.എഫായിരുന്നു. മൂന്നുതവണ ശോഭനാ ജോര്‍ജും രണ്ടുപ്രാവശ്യം പി.സി.വിഷ്ണുനാഥും. ഈ കാലയളവിലെല്ലാം ബി.ജെ.പി.ക്കും സ്ഥാനാര്‍ഥികളുണ്ടായിരുന്നു.

സജി ചെറിയാന്‍ പരാജയപ്പെട്ട 2006ലാണ് ബിജെപി ഏറ്റവും കുറച്ച് വോട്ടുപിടിച്ചത് (3.79 ശതമാനം). ഏറ്റവും കൂടുതല്‍ പിടിച്ചത് കെ.കെ.രാമചന്ദ്രന്‍ നായര്‍ ജയിച്ച 2016ലും (29.36ശതമാനം).

നിലവിലെ സ്ഥാനാര്‍ഥികളില്‍ കന്നിമത്സരത്തിനിറങ്ങുന്നത് ഡി.വിജയകുമാറാണ്. സജി ചെറിയാനും പി.എസ്.ശ്രീധരന്‍പിള്ളയും രണ്ടാംതവണയാണ് ഇവിടെ ജനവിധി തേടുന്നത്. സജി ചെറിയാന്‍ 2006ല്‍ മത്സരിച്ചുവെങ്കിലും പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടു. പി.എസ്.ശ്രീധരന്‍പിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ചെങ്ങന്നൂരില്‍ മത്സരിച്ചത്. മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടുവെങ്കിലും എന്‍ഡിഎയുടെ വോട്ടുവിഹിതത്തില്‍ റെക്കോഡിട്ടു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറമേ എന്‍എസ്എസ്, എസ്.എന്‍.ഡി.പി.യോഗം, വിശ്വകര്‍മ്മ സംഘടനകള്‍, ക്രൈസ്തവസഭകള്‍ തുടങ്ങിയവയുടെ നിലപാടും ഇവിടെ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാറുണ്ട്. 

Trending News