യുവാവിനെ തല്ലിയ സംഭവത്തില്‍ ഗണേഷ്കുമാറിനെതിരെ കേസ്

അമ്മയെ ഗണേഷ്കുമാർ ആക്ഷേപിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവാവ് ബോധിപ്പിക്കുന്നുണ്ട്.

Updated: Jun 13, 2018, 08:57 PM IST
യുവാവിനെ തല്ലിയ സംഭവത്തില്‍ ഗണേഷ്കുമാറിനെതിരെ കേസ്

അഞ്ചല്‍: കാറിന് സൈഡ് കൊടുക്കാത്ത യുവാവിനെ മർദിച്ച സംഭവത്തിൽ കെ. ബി ഗണേഷ്കുമാർ എംഎൽഎയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അനന്തകൃഷ്ണൻ എന്ന യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചൽ പൊലീസ് ഗണേഷിനെതിരേ കേസെടുത്തത്.

ഗണേഷ്കുമാറും ഡ്രൈവറും ചേർന്ന് തന്നെ അമ്മയുടെ മുന്നിൽവെച്ചു മർദിച്ചെന്നും, അമ്മയെ ഗണേഷ്കുമാർ ആക്ഷേപിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവാവ് ബോധിപ്പിക്കുന്നുണ്ട്. ഗണേഷ്കുമാറിന്‍റെ പരാതിയിൽ അനന്തകൃഷ്ണനെതിരെയും കേസെടുത്തു. 

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കെത്തിയതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്ന്‍ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദിച്ചു. 

അനന്തകൃഷ്ണനെ അഞ്ചൽ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കുശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.