ശ്രീജിവിന്‍റെ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം

  

Updated: Jan 13, 2018, 03:39 PM IST
ശ്രീജിവിന്‍റെ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.  പരാതിയില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയയ്ക്കുകയായിരുന്നു. എന്നാല്‍, ആവശ്യമുന്നയിച്ച് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. 

ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. ശ്രീജിവിന്‍റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 764 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്. പേഴ്‌സണല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എസ്.പി.ആര്‍ ത്രിപാഠിയാണ് 228/46/2017 AVD II എന്ന നമ്പറില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. 

ശ്രീജിവിന്‍റെ മരണം അപൂര്‍വ്വമായ സംഭവമല്ലെന്ന് കാണിച്ചാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ, കേരള സര്‍ക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ട നിരവധി കേസുകളുടെ അമിതഭാരം സി.ബി.ഐക്ക് ഉണ്ടെന്നതാണ് ആവശ്യം നിരാകരിക്കുന്നതിനുള്ള കാരണമായി സിബിഐ പറയുന്നത്. 2014ലാണ് പൊലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീജിവ് മരിച്ചത്.