തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം

തലസ്ഥാനത്ത് വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അതിനിടെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി.

Last Updated : Nov 19, 2017, 09:21 PM IST
തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അതിനിടെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയവര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതാണ് സംഘര്‍ഷത്തിന് വഴി വച്ചത്. സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിക്കകത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കോര്‍പ്പറേഷനിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്ന ജനറല്‍ ആശുപത്രിയിലും പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. 

ഇതിനിടയില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. 

ഇന്നലെ നടന്ന തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. നഗരസഭയില്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍ അവതരിപ്പിച്ച പ്രമേയത്തെ സി.പി.എം എതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രശ്നം ഉടലെടുത്തത്. തുടര്‍ന്ന് നഗരസഭാ യോഗം കൗണ്‍സിലര്‍മാരുടെ കയ്യാങ്കളിയിലാണ് അവസാനിച്ചത്. 

Trending News