തനിക്കെതിരെ നടന്നത് പ്രമുഖരുടെ ഗൂഡാലോചന; ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്ത് ഒരു മാസമായി ജയില്‍ തുടരുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളള മുഖേനയാണ് ദിലീപ് രണ്ടാമതും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

Updated: Aug 10, 2017, 02:40 PM IST
തനിക്കെതിരെ നടന്നത് പ്രമുഖരുടെ ഗൂഡാലോചന; ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്ത് ഒരു മാസമായി ജയില്‍ തുടരുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളള മുഖേനയാണ് ദിലീപ് രണ്ടാമതും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും സിനിമാ രംഗത്തെ ചിലര്‍ തനിക്കെതിരെ ഗുഢാലോചന നടത്തിയെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത്. അന്വേഷണവുമായി എല്ലാത്തരത്തിലും പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുളളത്. 

സിനിമാ രംഗത്തെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് പുതിയ ജാമ്യാപേക്ഷയില്‍ പറയുന്നത്. മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തെയും ഇവര്‍ സ്വാധീനിച്ചു. താന്‍ അറസ്റ്റിലായതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അന്‍പതു കോടിയോളം രൂപയാണ് ഇതില്‍ മുതല്‍ മുടക്കിയിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നതിന് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ടു സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ഇത് ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ദിലീപിന് ഗുണം ചെയ്യുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍.

ദിലീപ് ജയിലിലായിട്ട് ഇന്ന് ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ജൂലൈ പത്തിന് രാത്രിയില്‍ താരം അഴിക്കകത്തായത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നിലെ ഗൂഡാലോചനയുടെ സൂത്രധാരന്‍ ദിലീപാണെന്ന കണ്ടെത്തല്‍ അക്ഷരാര്‍ഥത്തില്‍ സിനിമാ മേഖലയെയും ആരാധകരെയും ഞെട്ടിച്ചു. തുടര്‍ന്ന് അറസ്റ്റു വാര്‍ത്ത പുറത്തുവന്നതോടെ ജനപ്രിയനായകനെ ജനം തളളിപ്പറയുന്നതും കേരളം കണ്ടു.