ദിലീപിന്‍റെ ജാമ്യം തള്ളിയ കോടതി നടപടി അന്വേഷണ സംഘത്തിന് ആത്മവിശ്വാസം പകരും

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവന്‍ നല്കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. പൊലീസിന്‍റെ ഭാഗത്ത്‌ നിന്ന്‍ ഭീഷണി നേരിടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കാവ്യാമാധവന്‍ നല്‍കിയത്.

Last Updated : Sep 18, 2017, 07:27 PM IST
ദിലീപിന്‍റെ ജാമ്യം തള്ളിയ കോടതി നടപടി അന്വേഷണ സംഘത്തിന് ആത്മവിശ്വാസം പകരും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവന്‍ നല്കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. പൊലീസിന്‍റെ ഭാഗത്ത്‌ നിന്ന്‍ ഭീഷണി നേരിടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കാവ്യാമാധവന്‍ നല്‍കിയത്.

എന്നാല്‍ കാവ്യയെ കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കാവ്യ കേസില്‍ സാക്ഷിയാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

തനിക്കെതിരെ ദുഷ്ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും, പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ജാമ്യ ഹര്‍ജിയില്‍ കാവ്യ ആരോപിക്കുന്നുണ്ട്. ദിലീപ് കേസില്‍ പ്രതിയല്ലെന്നും, തന്നെയും കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിന് കോടതി ജാമ്യം അനുവദിച്ചില്ല. നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. 'ദിലീപിന് ജാമ്യമില്ല' എന്ന ഒറ്റവരി മാത്രമാണ് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍റെ ശക്തമായ വാദങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

ദിലീപിന്‍റെ ജാമ്യം കോടതി തള്ളി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളും പൊലീസ് പുറത്തുവിട്ടു. അങ്കമാലി കോടതിയിലാണ് പൊലീസ് തെളിവുകള്‍ നല്‍കിയത്. സംഭവം നടന്ന ദിവസം രമ്യ നമ്പീശന്‍റെ ലാന്‍ഡ് ഫോണിലേക്ക് പോയ വിളിയും, പനി ആയിരുന്നുവെന്ന മൊഴിയും ദിലീപിനെതിരാവുകയായിരുന്നു. 

നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപിന്‍റെ ഫോണ്‍ വിളികള്‍ നീണ്ടത് രാത്രി പന്ത്രണ്ടര വരെയാണ്. പനി ബാധിച്ച് കിടന്ന ആള്‍ പാതിരാത്രി വരെ പലരുമായും ഫോണില്‍ വിളിച്ച് സംസാരിച്ചതിന്‍റെ യുക്തി എന്താണെന്ന് വ്യക്തമാക്കണമെന്ന ചോദ്യത്തിന് ദിലീപില്‍ നിന്ന് മറുപടി ഉണ്ടായില്ല. അന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പോലീസിന് ലഭിക്കുന്നത്.

അന്വേഷണ സംഘത്തിന് ആത്മവിശ്വാസം പകരുന്നതാണ് അങ്കമാലി കോടതിയുടെ നടപടി. തൊണ്ണൂറ് ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കോടതി സൂചിപ്പിച്ചതും പൊലീസിന് കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും കരുതുന്നു.

Trending News