സാമ്പത്തിക പ്രതിസന്ധി: കെ.എസ്.ഇ.ബിക്ക് കടുത്ത പെന്‍ഷന്‍ ബാധ്യത

 

Updated: Feb 9, 2018, 01:23 PM IST
സാമ്പത്തിക പ്രതിസന്ധി: കെ.എസ്.ഇ.ബിക്ക് കടുത്ത പെന്‍ഷന്‍ ബാധ്യത

 

തിരുവനന്തപുരം: കെ.എസ്.ഇ.ബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സൂചിപ്പിച്ച് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ചെയര്‍മാന്‍ കെ.എസ് പിള്ളയുടെ കത്ത്. 

ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ പ്രകാരം പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും ബോര്‍ഡിന് നിക്ഷേപം നടത്താന്‍ കഴിയാതെ വരികയും പെന്‍ഷന്‍ ബാധ്യത വര്‍ഷം തോറും വലുതായിക്കൊണ്ടിരിക്കുകയുമാണ്‌. പെന്‍ഷന്‍ ബാധ്യത 12418 കോടിയില്‍ നിന്ന് 30% ഉയര്‍ന്ന് 16150 കോടിയിലെത്തുകയും സഞ്ചിത നഷ്ടം 1877 കോടി രൂപയുമായി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് കത്തില്‍ ആവശ്യപ്പെടുന്നു.

ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിത്യ വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കരുതെന്ന് റഗേലേറ്ററി കമ്മീഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും 2013 മുതല്‍ ഇത് തുടരുകയാണ്.

2013ല്‍ കമ്പനിയായ കെഎസ്ഇബിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരത ഉറപ്പാക്കാനായി മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റിവിറ്റി ട്രസ്റ്റ് രൂപീകരിച്ചെങ്കിലും കരാര്‍ പ്രകാരം അന്നുമുതല്‍ ഫണ്ടിലേക്ക് മാറ്റേണ്ട തുക കെ.എസ്.ഇ.ബി ഇതുവരെ മാറ്റിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തുകയാണ് ഫണ്ടിലേക്ക് നിക്ഷേപിക്കാനുള്ളത്.

സര്‍ക്കാരിന് ബോര്‍ഡ് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ട തുക ഈ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ അന്ന് ധാരണയായിരുന്നെങ്കിലും ആ നിര്‍ദേശവും പാലിക്കപ്പെട്ടില്ല എന്നു ചെയര്‍മാന്‍റെ  കത്ത് വ്യക്തമാക്കുന്നു.

840 ഓളം കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ബോര്‍ഡിന് പ്രതിവര്‍ഷം ചെലവാകുന്നത്. ഇത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കുടിശികയും മാറ്റേണ്ടതുണ്ട്. ഈ അവസരത്തിലാണ് പുതിയതായി ചുമതലയേറ്റ ചെയര്‍മാന്‍ ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് കത്തെഴുതിയത്. 

ബോര്‍ഡ് നിരവധി സാങ്കേതിക സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതായി കത്തില്‍ പറയുന്നു. നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ നടപ്പാക്കണം. അതിരപ്പിള്ളിയും നടപ്പാക്കണം. കിട്ടാക്കടം പിരിച്ചെടുക്കണം. ഇതിനെല്ലാം ജീവനക്കാരുടെ പിന്തുണ ആവശ്യപ്പെട്ടാണ് ചെയര്‍മാന്‍റെ കത്ത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close