വീരമൃത്യു വരിച്ച മലയാളി സൈനികന്‍റെ സംസ്കാരം വൈകിട്ട് ആറിന്

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കേരളത്തിലെത്തിച്ചത്.

Last Updated : Nov 14, 2018, 03:44 PM IST
വീരമൃത്യു വരിച്ച മലയാളി സൈനികന്‍റെ സംസ്കാരം വൈകിട്ട് ആറിന്

നെടുമ്പാശ്ശേരി : കാശ്മീരില്‍ പാക് സൈന്യത്തിന്‍റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്‍റണി സെബാസ്റ്റ്യന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. 

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കേരളത്തിലെത്തിച്ചത്.

ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്നാണ് ആന്‍റണിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്.കൃഷ്ണഗാട്ടി സെക്ടറില്‍ വച്ച് തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് ആന്‍റണിയ്ക്ക് വെടിയേറ്റത്.

തുടര്‍ന്ന്,  പൂഞ്ചിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ അന്ത്യം വരിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് 3 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും.

തുടര്‍ന്ന്, ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയിലേയ്ക്ക് കൊണ്ടു പോകുകയും ആറ് മണിയോടെ സംസ്ക്കാരം നടത്തുകയും ചെയ്യും.

എറണാകുളം ഉദയംപേരൂര്‍ മണക്കുന്നം സ്വദേശിയാണ് വീരമൃത്യുവടഞ്ഞ ലാന്‍സ് നായിക് ആന്‍റണി സെബാസ്റ്റ്യന്‍. 

2002 ഒക്ടോബറില്‍ 18ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന ആന്‍റണി സെബാസ്റ്റ്യന്‍ 16 വര്‍ഷത്തെ രാജ്യസേവനം അവസാനിപ്പിച്ച്‌ അടുത്ത മാര്‍ച്ചില്‍ മടങ്ങാനിരിക്കവെയാണ് വീര മൃത്യു വരിച്ചത്. 
 

Trending News