സംസ്ഥാനത്ത് മഴ തകര്‍ക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് അവധി

  

Updated: Jul 11, 2018, 08:52 AM IST
സംസ്ഥാനത്ത് മഴ തകര്‍ക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലയോരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. 

കനത്ത മഴയെതുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, എറണാകുളം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇടുക്കി, കോട്ടയം ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയാണ്. ആലപ്പുഴയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലാണ് അവധി. ഇന്ന് അവധി നല്‍കിയിരിക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പകരം 21 ശനിയാഴ്ച പ്രവര്‍ത്തിക്കും.

വയനാട്ടിൽ ഇന്നലെ രാത്രിയും കനത്ത മഴ തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 18 ആക്കി കൂട്ടിയിട്ടുണ്ട്. രാത്രി വെള്ളം കയറിയതിനെത്തുടർന്ന് പൂതാടി വരത്തൂർ കോളനിയിലുള്ളവരെ തൊട്ടടുത്തുള്ള സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണ്.