പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി

  

Updated: Feb 9, 2018, 03:47 PM IST
പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. ഇതോടെ, കേസിലെ നാലാം പ്രതിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം അഞ്ചു പ്രതികള്‍ കേസില്‍ നിന്നും കുറ്റവിമുക്തരായി. 

മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി. പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിർമ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്ന പരാതിയിലാണ് കോടതി വിധി.  ഉമ്മൻ ചാണ്ടിക്കും ഭരത് ഭൂഷണും ആശ്വാസമാകുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേസില്‍ നാലം പ്രതിയാണ് ഉമ്മന്‍ചാണ്ടി. പാറ്റൂരിൽ സർക്കാർ ഭൂമി കൈയ്യേറി സ്വകാര്യ കമ്പനി ഫ്ലാറ്റ് നിർമ്മിച്ചുവെന്നാണ് വിജിലൻസ് കേസ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോയിരുന്ന ഭൂമി കൈയ്യേറിയെന്നും കമ്പനിക്ക് വേണ്ടി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ അധികൃതർ ഒത്താശ ചെയ്തെന്നുമാണ് ആരോപണം. 

വിധിന്യായത്തില്‍ ജേക്കബ് തോമസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും ഡിജിപിയായിരിക്കാന്‍ യോഗ്യതയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ഉന്നയിച്ചു.  നേരത്തെ കേസ് പരിഗണിക്കുമ്പോഴും  ജേക്കബ് തോമസിനെതിരെ ഹൈകോടതി രുക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോകായുക്തയിൽ നൽകിയ റിപ്പോർട്ട്‌ വായിച്ചാൽ ജേക്കബ് തോമസ്‌ ഒഴികെ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നു തോന്നുമെന്നായിരുന്നു വിമര്‍ശനം.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close