ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസം: കടകംപള്ളി സുരേന്ദ്രന്‍

ഇത് പ്രാകൃതമായ നടപടിയെന്നും ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു.  

Last Updated : Jan 16, 2019, 10:53 AM IST
ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസം: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് പ്രാകൃതമായ നടപടിയെന്നും ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു.

യുവതികളെ മടക്കിയയച്ചത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പൊലീസ് സംയമനം പാലിച്ചു. വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. കണ്ണൂര്‍ സ്വദേശികളായ രേഷ്മയും ഷനിലയുമാണ് ഇന്ന് മലകയറാനെത്തിയത്. 

പുലര്‍ച്ചെ നാലരയോടെ പമ്പയില്‍ നിന്നും യാത്ര തിരിച്ച ഇരുവരെയും നീലിമലയില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.  ശബരിമല ദര്‍ശനത്തിനായി ഒന്‍പത് അംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്.

മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനികളെ നീലിമലയില്‍ മൂന്നു മണിക്കൂറിലേറെ സമയം തടഞ്ഞുവച്ചിരുന്നു. മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികള്‍ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. 

ഇരുവരെയും പമ്പയിലേക്കാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധക്കാരില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രേഷ്മ മുന്‍പും ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.

Trending News