കേരള നിയമസഭ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പരീക്ഷണശാലയെന്ന്‍ മന്ത്രി ബാലന്‍

നിരവധി സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി കേരള നിയമസഭ മാറിയിട്ടുണ്ട്.

Updated: Dec 7, 2017, 03:20 PM IST
കേരള നിയമസഭ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പരീക്ഷണശാലയെന്ന്‍ മന്ത്രി ബാലന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പരീക്ഷണശാലയാണ് കേരള നിയമസഭയെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നിരവധി സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി കേരള നിയമസഭ മാറിയിട്ടുണ്ട്. ആദ്യ നിയമസഭയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, കാര്‍ഷിക കടാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങള്‍ പാസാക്കിയാണ് മാതൃകയായെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മത്‌സര വിജയികളുടെ റിപ്പീറ്റ് പെര്‍ഫോമന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഭരണക്രമമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഭരണഘടനയുടെ ശക്തികാരണമാണ് ഇന്ത്യന്‍ ഭരണക്രമം ലോകത്തിന് മാതൃകയായത്. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഇന്ത്യന്‍ ഭരണഘടന. അതിനെ ഏതു തരത്തിലും വ്യാഖ്യാനിക്കാനാവും. ജനാധിപത്യ മൂല്യമുള്ളവരുടെ കൈകളില്‍ അത് മികച്ചതാവും. മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെട്ട ജനാധിപത്യത്തിന്റെ നാലു തൂണുകള്‍ പരസ്പര പൂരകമാണ്. ഇവയുടെ പോരായ്മയാണ് സമൂഹത്തിന്റെ താളം തെറ്റലിന് പ്രധാന കാരണം. മാനവീയ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ നല്ല രാഷ്ട്രീയ ബോധമുള്ളവരാകണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് രാഷ്ട്രീയം പുറത്താകുന്ന ഇന്നത്തെ അവസ്ഥയില്‍ അപകടകരമായ വിധം ചില ദുഷ്പ്രവണതകള്‍ വളര്‍ന്നു വരുന്നുണ്ട്. അരുതായ്മകളെ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ ഒരാള്‍ ഉയര്‍ന്നു വരണം. യു. എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭരണഘടനകള്‍ക്ക് നിരവധി പരിമിതികളുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവും ശ്രേഷ്ഠമായതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രിമാരായ എ. കെ. ബാലനും കെ. ടി. ജലീലും ചേര്‍ന്ന് വിതരണം ചെയ്തു. സംസ്ഥാന പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ഗവേണന്‍സ് അംഗം എസ്. ആര്‍. ശക്തിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ ഡോ. ബിജു ലക്ഷ്മണ്‍, രജിസ്ട്രാര്‍ എസ്. ഗിരിധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close