അന്തര്‍സംസ്ഥാന ലോട്ടറി: സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Last Updated : Jul 28, 2017, 05:42 PM IST
അന്തര്‍സംസ്ഥാന ലോട്ടറി: സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

സംസ്ഥാനസർക്കാർ ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തികൊണ്ടുള്ള വിജ്ഞാപനമിറക്കി. ധനവകുപ്പിന്‍റെ കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് ഇതരസംസ്ഥാനലോട്ടറികള്‍ സംസ്ഥാനത്തു വിറ്റഴിക്കുന്നു എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വിജ്ഞാപനം സംസ്ഥാനസർക്കാർ പുറത്തിറക്കിയത്.  സര്‍ക്കാര്‍ ഭാഗ്യക്കുറികള്‍ക്ക് 12 ശതമാനവും ഇതരസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് 28 ശതമാനവും നികുതി ജി.എസ്.ടിയിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഇതരസംസ്ഥാന ഭാഗ്യക്കുറികള്‍ ഇവിടേയ്ക്ക് എത്തില്ലെന്നായിരുന്നു ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ.

വിജ്ഞാപനം അനുസരിച്ച് ലോട്ടറികൾക്ക് ഇൻഫർമേഷൻ റിട്ടേൺ നൽകണമെന്നാണ് പറയുന്നത്.  അതുമാത്രമല്ല സീരിയൽ നമ്പർ, ടിക്കറ്റുകളുടെ എണ്ണം,  എന്നിവ അതാതു മേഖലയിലെ ഡപ്യൂട്ടി ടാക്സ് കമ്മീഷണർക്ക് മുന്നിൽ ഹാജരാക്കണമെന്നും വിപണിയിലേക്ക് പോകുന്നതിന് മുമ്പ് ഇതിന്‍റെ നേരിട്ടുള്ള പരിശോധനയും നടത്തണമെന്നും പറയുന്നുണ്ട്. ഇത്തരം ഭാഗ്യക്കുറികള്‍ വില്‍ക്കുന്നത് കേന്ദ്ര ലോട്ടറി നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പാലിച്ചാണോ എന്നുള്ള രേഖകളും നൽകണം.

 
വിൽപനയ്ക്കുശേഷം മിച്ചം വരുന്ന ടിക്കറ്റുകൾ നറുക്കെടുപ്പിന് 48 മണിക്കൂറിനുശേഷം ഡപ്യൂട്ടി കമ്മീഷണർക്ക് മുന്നിൽ ഹാജരാക്കണം. ധനവകുപ്പിന്‍റെ കണക്കനുസരിച്ചു ലോട്ടറി വിറ്റില്ലെന്നു പറഞ്ഞ് നികുതി വെട്ടിക്കുന്നത് ഇതോടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. 

Trending News