വിഴിഞ്ഞം കരാർ: സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

വിഴിഞ്ഞം കരാറിൽ ഏകപക്ഷീയമായി ഒപ്പിട്ടതിൽ സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. കരാർ സംസ്ഥാന താൽപര്യങ്ങൾക്കെതിരാണെന്ന സി.എ.ജി റിപ്പോർട്ടിൽ സർക്കാരെടുത്ത നടപടികൾ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം 25ന് വിശദമായ മറുപടി നൽകാനാണ് കോടതി നിർദേശം. 

Updated: Sep 13, 2017, 06:17 PM IST
വിഴിഞ്ഞം കരാർ: സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം കരാറിൽ ഏകപക്ഷീയമായി ഒപ്പിട്ടതിൽ സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. കരാർ സംസ്ഥാന താൽപര്യങ്ങൾക്കെതിരാണെന്ന സി.എ.ജി റിപ്പോർട്ടിൽ സർക്കാരെടുത്ത നടപടികൾ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം 25ന് വിശദമായ മറുപടി നൽകാനാണ് കോടതി നിർദേശം. 

യുഡിഎഫ് സർക്കാരിന്റെ കാലത്തു വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിൽ സംസ്ഥാന താൽപര്യത്തിന് അനുസൃതമായി തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം. 

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. പൊതു, സ്വകാര്യ പദ്ധതികളിലെ നിർമാണ, നടത്തിപ്പു കാലാവധി 30 വർഷമായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറിൽ ഇത് സർക്കാർ 40 വർഷമാക്കി. ഇതുമൂലം, കരാറുകാരായ അദാനി പോർട്സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

വിഴിഞ്ഞത്തു സർക്കാർ ചെലവിൽ നിർമിക്കുന്ന മൽസ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന തൊഴിലാളികളിൽനിന്നു യൂസർ ഫീസ് പിരിക്കാനുള്ള അവകാശം കരാറുകാർക്കു ലഭിച്ചതു കരാർ നിബന്ധനയിലെ പാകപ്പിഴ മൂലമാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. 

ആദ്യ നാല്‍പ്പത് വര്‍ഷം കൊണ്ട് കേരളത്തിന് കാര്യമായ ഗുണമില്ലെന്നും കേരളത്തിന്റെ ഭാവി തുലാസിലാക്കുന്ന കരാറാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.