ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ബസ് സമരം

സ്വകാര്യ ബസ് ഉടമകള്‍ ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിക്കും.

Updated: Feb 9, 2018, 04:33 PM IST
ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ബസ് സമരം

കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിക്കും.

ബസ്​ ചാർജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു.  കൊച്ചിയില്‍ ചേര്‍ന്ന ബസുടമകളുടെ സംയുക്തസമിതിയോഗത്തിലാണ് തീരുമാനം.

മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ​ ബസ്​ ഓപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടര്‍ന്ന് സമരം പിൻവലിച്ചിരുന്നു.

കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, ഇന്ധന വില, സ്‌പെയര്‍പാര്‍ട്‌സ് വില, ഇന്‍ഷുറസ് പ്രീമിയം വര്‍ധനവ് എന്നിവയുടെ അടിസ്ഥാനത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവച്ചിരുന്നത്.