കെവിന്‍ വധം; വിധി ഓഗസ്റ്റ് 27ലേക്ക് മാറ്റി

വിചാരണ അവസാനിച്ചതോടെ ഇത് ദുരഭിമാന കൊലപാതകമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 

Last Updated : Aug 24, 2019, 01:06 PM IST
കെവിന്‍ വധം; വിധി ഓഗസ്റ്റ് 27ലേക്ക് മാറ്റി

പാലാ: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് കോടതി ഓഗസ്റ്റ് 27ലേക്ക് മാറ്റി!!

വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ ഇന്ന് വിധി പറയാനിരിക്കുകയായിരുന്നു. 

2019 ഏപ്രില്‍ 24നാണ് കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചത്. പ്രധാന സാക്ഷിയായ അനീഷിന്‍റെ വിസ്താരത്തിലൂടെയാണ് വിചാരണ ആരംഭിച്ചത്. 

വിചാരണ അവസാനിച്ചതോടെ ഇത് ദുരഭിമാന കൊലപാതകമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ ഉൾപ്പെടെ നാല്‌ പ്രതികളെ കുറ്റവിമുക്തരാക്കി.

ശിക്ഷ സംബന്ധിച്ച വാദ൦ നടന്ന ഇന്ന് ശിക്ഷയെ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടു. അഭിഭാഷകരുടെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ട ശേഷമാണ് വിധി പറയല്‍ മാറ്റി വച്ചത്. 

നരഹത്യ, തട്ടിക്കൊണ്ടുപോയി വിലപേശൽ, ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾ പ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്.

അതേസമയം, നാടകീയ രംഗങ്ങളാണ് ഇന്ന് കോടതിയില്‍ അരങ്ങേറിയത്. പ്രതിക്കൂട്ടില്‍ നിന്ന പ്രതികള്‍ വിചാരണയ്ക്കിടെ പൊട്ടിക്കരഞ്ഞു.  വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ പ്രതി കൂട്ടില്‍ നിന്ന് പൊട്ടിക്കരഞ്ഞത്.

2018 മെയ്‌ 26നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ നിനുവിന്‍റെ സഹോദരന്‍റെയും അച്ഛന്‍റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന്, മെയ്‌ 28നു തെന്മലയ്ക്ക് സമീപത്തെ ജലാശയത്തിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയായിരുന്നു.

Trending News