കുമ്മനം രാജശേഖരന്‍ രാജിവച്ചു

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.

Last Updated : Mar 8, 2019, 01:04 PM IST
കുമ്മനം രാജശേഖരന്‍ രാജിവച്ചു

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.

കുമ്മനം രാജശേഖരന്‍റെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു. അസം ഗവര്‍ണര്‍ക്കാണ്‌ മിസോറമിന്‍റെ അധിക ചുമതല നല്‍കിയിരിയ്ക്കുന്നത്.

തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നതിനായാണ്‌ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. ബിജെപി സംസ്ഥാന ഘടകത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹത്തിന്‍റെ രാജി. കൂടാതെ, കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്‌എസ് ശക്തമായ നിലപാടെടുത്തിരുന്നു.

കൂടാതെ, തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതാണ് അദ്ദേഹത്തിന്‍റെ രാജിയ്ക്ക് വഴിയൊരുക്കിയത്. 

അതേസമയം, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഒ രാജഗോപാല്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ബിജെപിയുടെ കാഴ്ചപ്പാടില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയായാല്‍ വിജയം നിശ്ചയമാണ്... കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 14,501 വോട്ടിനാണ് ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. 

അതേസമയം, ശക്തമായ ത്രികോണ മത്സരമാണ്‌ തിരുവനന്തപുരത്ത് നടക്കുക. കോണ്‍ഗ്രസിന്‍റെ ശശി തരൂര്‍, സിപി ഐയുടെ സി. ദിവാകരന്‍ എന്നിവര്‍ മണ്ഡലത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനമാണ് സി. ദിവാകരനിലൂടെ എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയത്.  

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തലനാരിഴയ്ക്ക് നഷ്‌ടമായ തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. ജാതി വോട്ടുകള്‍, ശബരിമല എന്നിവ വിഷയമാക്കി ഈ മണ്ഡലത്തില്‍ വിജയം കൈപിടിയിലോതുക്കാമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. 
 

 

 

Trending News