തിരുവനന്തപുരം: കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ലാത്വിയന്‍ സ്വദേശിനി ലിഗ സ്ക്രോമാനേ കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെയെന്ന് കസ്റ്റടിയിലുള്ള ഒരാള്‍ ഒഴി നല്കി. പണ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലുപേരില്‍ രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായും ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. പ്രദേശ വാസികളായ ഇവര്‍ കണ്ടല്‍ക്കാട്ടില്‍ സ്ഥിരമായി മീന്‍പിടിക്കാന്‍ എത്തിയിരുന്നവരാണെന്ന് കരുതുന്നു.
അതേസമയം ബലാത്സംഗ ശ്രമം ഉണ്ടായിട്ടുണ്ടോ എന്നത് ലിഗയുടെ ആന്തരികാവയവ പരിശോധനാഫലം പുറത്തുവന്നതിനു ശേഷമേ അറിയാനാകൂ.
കഴിഞ്ഞമാസം 14നാണ് ലാത്വിയന്‍ സ്വദേശിനി ലിഗയെ കോവളത്തുനിന്നും കാണാതായത്. കോവളത്തിനു സമീപം പനത്തുറയിലെ ആള്‍ത്താമസമില്ലാത്ത പറമ്പിലെ കണ്ടല്ക്കാട്ടില്നിന്നാണ് ലിഗയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ടായിരുന്നു.