മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തില്‍

മിസോറാം ഗവര്‍ണറായി ചുമതലയേറ്റെടുത്തത്തിന് ശേഷം ആദ്യമായി കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തുന്നു.

Updated: Jun 13, 2018, 05:34 PM IST
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തില്‍

തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി ചുമതലയേറ്റെടുത്തത്തിന് ശേഷം ആദ്യമായി കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തുന്നു.

നാളെയാണ് അദ്ദേഹം കേരളത്തില്‍ എത്തുക. ഇസഡ് പ്ലസ് സുരക്ഷയോടെയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. 10 ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ക്ക് മാറി നില്‍ക്കാന്‍ പാടില്ലെന്ന നിയമം ഉള്ളതിനാല്‍ അധിക ദിവസം അദ്ദേഹത്തിന് കേരളത്തില്‍ തങ്ങാനാവില്ല.  

കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 20ന് അദ്ദേഹം മടങ്ങും. ഇതിനിടയില്‍ അദ്ദേഹം ശബരിമല സന്ദര്‍ശനവും നടത്തും.

15ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 16ന് രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വരും. താന്‍ സ്ഥാപിച്ച ആറന്മുള ശബരി ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്ത ശേഷം പാര്‍ഥസാരഥി ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് മാരാമണ്‍ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദര്‍ശിക്കും.

അവിടെ നിന്ന് കൂനങ്കര ശബരി ബാലാശ്രമത്തില്‍ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷം അട്ടത്തോട് ആദിവാസി കോളനിയിലെത്തി ആദിവാസി മൂപ്പന് ദക്ഷിണ നല്‍കി മിസോറമിലെ ആദിവാസി ഗോത്ര വര്‍ഗം നെയ്‌തെടുത്ത ഷാള്‍ അണിയിക്കും. തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് തിരിക്കും. 16ന് അവിടെ തങ്ങിയ ശേഷം അദ്ദേഹം 17ന് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പുറപ്പെടും.

സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം കേരളത്തില്‍ എത്തുന്നത്.