തിരുവനന്തപുരം: മൃതദേഹം ദഹിപ്പിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മറികടന്ന് കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചതായി റിപ്പോര്ട്ട്. തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. മരിച്ച വിദേശ വനിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
ബിജെപിയുടെ പരാതിയെ തുടർന്നാണ് മൃതദേഹം സംസ്ക്കരിക്കുന്ന വിഷയത്തില് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്. മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം സംസ്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാല് കമ്മീഷന്റെ ഉത്തരവ് സർക്കാരിന് ലഭിച്ചില്ലെന്ന് വക്താവ് അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മറികടന്ന് വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചത് തെളിവുകള് നശിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും. മടക്ക യാത്രയ്ക്ക് മുന്പ് ആറാം തിയതി വൈകിട്ട് സഹോദരിയുടെ ഓര്മ്മയ്ക്കായി പരിപാടി സംഘടിപ്പിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിലായിരിക്കും സംഗീത വിരുന്ന് നടക്കുക. ചടങ്ങില് സഹോദരിയെ കണ്ടെത്തുന്നതിനായുള്ള തന്റെ യാത്രയില് ഒപ്പം നിന്നവര്ക്ക് ഇലീസ് നന്ദി അറിയിക്കും.
കാണാതായ സഹോദരിയ്ക്കുവേണ്ടി ആൻഡ്രുവും താനും ചേർന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങൾ ഇലീസ് പങ്കുവയ്ക്കും. വിദേശ വനിതയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണത്തിനു ശേഷം വിദേശ വനിതയുടെ ഓർമയ്ക്കായി കനകക്കുന്നിൽ മരത്തൈ നടും.
ഇന്ത്യൻ സംഗീതം ഏറെ ഷ്ടപ്പെട്ടിരുന്ന വിദേശ വനിതയുടെ ഓർമയ്ക്കായി വയലിൻ സംഗീതനിശയും ഉണ്ടായിരിക്കും. കൂടാതെ ബെലബഹാർ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ നവീൻ ഗന്ധർവിന്റെ ആരാധികയായിരുന്നു വിദേശ വനിത. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ ന്നെത്തി വിദേശ വനിതയ്ക്കായി പാടും.
മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകി.