ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; സെക്രട്ടേറിയേറ്റിന് മുന്നിലും പ്രതിഷേധം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടന്‍ വേണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു.

Updated: Sep 12, 2018, 10:08 AM IST
ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; സെക്രട്ടേറിയേറ്റിന് മുന്നിലും പ്രതിഷേധം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടന്‍ വേണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു.

അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട്  സേവ് അവര്‍ സിസ്റ്റേഴ്സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും.

സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്‍റെ തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കലില്‍ സമരം നടത്തുന്നത്. വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. 

സമരം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടക്കുന്ന പ്രതിഷേധ സംഗമത്തിൽ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകൾ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തിൽ പങ്കെടുക്കുക. 

കൊച്ചിയിലെ സമരപന്തലിലേക്ക് ഐക്യദാർഢ്യമർപ്പിച്ച് സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രവർത്തകരുള്‍പ്പടെ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി എത്തും.

കന്യാസ്ത്രീകളുടെ സമരം ദേശീയ ശ്രദ്ധ നേടിയതോടെ ആദ്യദിനങ്ങളിലേതിനെക്കാള്‍ കൂടുതല്‍ പേര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇപ്പോള്‍ കൊച്ചിയിലെ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്.

അതിനിടെ സമരത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ആലുവ കർമ്മലീത്ത മഠത്തിന്‍റെ മദർ സുപ്പീരിയർ കന്യാസ്ത്രീകള്‍ക്ക് കത്തയച്ചു. 

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ ശനിയാഴ്ചയാണ് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. തുടർന്ന് സാംസ്കാരിക , രാഷ്ട്രിയ മേഖലകളിൽ നിന്നുള്ളവരും ക്രൈസ്തവ സംഘടനകളും സമരത്തെ ഏറ്റെടുക്കുകയായിരുന്നു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close