'നോട്ടിസ് വരട്ടെ, തനിക്ക് സൗകര്യമുള്ളപ്പോള്‍ ഹാജരാകും', വനിതാകമ്മീഷനെ പരിഹസിച്ച് പി.സി ജോര്‍ജ്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച വനിതാകമ്മീഷന്‍ നടപടിയെ പരിഹസിച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ.

Updated: Aug 12, 2017, 03:08 PM IST
'നോട്ടിസ് വരട്ടെ, തനിക്ക് സൗകര്യമുള്ളപ്പോള്‍ ഹാജരാകും', വനിതാകമ്മീഷനെ പരിഹസിച്ച് പി.സി ജോര്‍ജ്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച വനിതാകമ്മീഷന്‍ നടപടിയെ പരിഹസിച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ.

'ആ നോട്ടിസ് വരട്ടെ, തനിക്ക് സൗകര്യമുള്ളപ്പോള്‍ ഹാജരാകു'മെന്നാണ് പി.സി ജോര്‍ജിന്‍റെ പ്രതികരണം. വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും കമ്മിഷന്‍ തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയൊന്നുമില്ലെന്നും പരിഹാസരൂപേണ പി.സി ജോര്‍ജ് പ്രതികരിച്ചു. അവര്‍ സ്ത്രീകളുടെ ക്ഷേമം ആദ്യം നോക്കട്ടെയെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടുമെന്നും കൂട്ടിച്ചേര്‍ത്തു.

മട്ടന്നൂരില്‍ പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദിച്ച മന്ത്രിയുടെ ഭര്‍ത്താവിനെതിരെ വനിതാ കമ്മീഷന്‍ ആദ്യം കേസെടുക്കട്ടെ. അതുകഴിഞ്ഞ് കോട്ടയത്തെ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കു മുന്നില്‍ പാന്റിന്‍റെ സിബ്ബൂരി അപമാനിച്ച മാനേജ്മെന്റിന്‍റെ പിണിയാള്‍ക്കെതിരെയും കേസെടുത്ത ശേഷം മതി തന്‍റെ മേലുള്ള ആരോപണങ്ങള്‍ക്ക് കേസെടുക്കാന്‍ എന്ന് പി.സി ജോര്‍ജ് സൂചിപ്പിച്ചു.

ഈ വക നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് ഇങ്ങോട്ട് വന്നാല്‍ താനും ഒപ്പം കൂടാമെന്നും അല്ലാതെ തന്‍റെ മൂക്കു ചെത്താന്‍ ഇങ്ങോട്ടു പോരേണ്ടെന്നും പി.സി ജോര്‍ജ് പറയുന്നു. 

മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണെന്നും, അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴി നല്‍കുന്നതിലൂടെ പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞ പി.സി ഇവിടെ പാവപ്പെട്ട പുരുഷന്മാര്‍ക്കും ജീവിക്കണ്ടേ എന്ന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

വനിതാകമ്മീഷന് മുന്നില്‍ എല്ലാ അവളുമാരുടെയും സ്വഭാവം തെളിവുവച്ച്‌ വിശദീകരിക്കും. അതിന് ഒരു അവസരം നല്‍കാനായി എത്രയും പെട്ടെന്ന് വനിതാകമ്മീഷന്‍ താനുമായി ആലോചിച്ച്‌ ഒരു തീയതി തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജിനെതിരെ വനിതാകമ്മിഷന്‍ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍റെ നീക്കം. പി.സി.ജോർജിന്‍റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.