കന്യാസ്ത്രീയുടെ ആരോപണം വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാന്‍

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ആ പദവിയില്‍ തുടരാനാകില്ലെന്നും തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും ജോര്‍ജ് പറഞ്ഞു. 

Updated: Sep 14, 2018, 03:40 PM IST
കന്യാസ്ത്രീയുടെ ആരോപണം വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാന്‍

തിരുവനന്തപുരം: കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ നല്ല നടപ്പുകാരായ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കമാണെന്ന് പിസി ജോര്‍ജ്. ഇതിന് പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലുകളുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതിക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നതിന് പിന്നിലെ യുക്തി എന്താണെന്ന് ചോദിച്ച പിസി ജോര്‍ജ് സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിന് മുമ്പിലല്ലേ എന്നും ചോദിച്ചു. മാത്രമല്ല സമരം നടത്തുന്നത് വെറും ആറ് കന്യാസ്ത്രീകള്‍ മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇത്തരം പരാതികളില്ലെന്നത് ശ്രദ്ധിക്കണമെന്നും ജോര്‍ജ് ചൂണ്ടിക്കാണിച്ചു. 

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ആ പദവിയില്‍ തുടരാനാകില്ലെന്നും തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും ജോര്‍ജ് പറഞ്ഞു. ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കന്യാസ്ത്രീ പട്ടം നല്‍കാവൂ. ഇതിനായി കന്യാസ്ത്രീ പട്ടം നല്‍കാനുള്ള പ്രായം സഭ മാറ്റി ചിന്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ മോശം രീതികളിലേക്ക് വ്യതിചലിക്കും. ആയിരത്തില്‍ ഒന്നോ രണ്ടോ മാത്രമേ ഇത്തരത്തില്‍ സംഭവിക്കാറുള്ളൂ. കന്യാസ്ത്രീയാകാന്‍ സ്വന്തം താല്‍പര്യപ്രകാരം വരുന്നവര്‍ മോശമാകില്ല. എന്നാല്‍ അച്ചന്‍ പട്ടം നല്‍കാന്‍ ഇത് ബാധകമല്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ജോര്‍ജ് ആരോപിച്ചു.