മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ യോഗങ്ങള്‍ രാഷ്ട്രീയ പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി വിദേശത്ത് പോയി കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് മോശമായി സംസാരിച്ചത് വെറും രാഷ്ട്രീയ പ്രഹസനമായി മാറിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

Last Updated : Oct 22, 2018, 06:31 PM IST
മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ യോഗങ്ങള്‍ രാഷ്ട്രീയ പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് പോയി കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് മോശമായി സംസാരിച്ചത് വെറും രാഷ്ട്രീയ പ്രഹസനമായി മാറിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

മുഖ്യമന്ത്രി വിദേശത്ത് പോയി കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല. നരേന്ദ്ര മോദിയും മുന്‍പ് ഇത് ചെയ്തിട്ടുണ്ട്. മോദി തന്‍റെ വിദേശ യാത്രകളില്‍ ഇന്ത്യയിലെ നേതാക്കന്മാരുടെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ സംസാരിക്കാറുണ്ട്. മുഖ്യമന്ത്രിയും ഇതേ തരത്തില്‍ രാഷ്ട്രീയ പ്രഹസനമാണ് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. എന്ന് മുതലാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നീരസമുണ്ടായത്. മുഖ്യമന്ത്രി ആദ്യമായി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിക്കുകയാണ് ചെയ്തത്. മറ്റൊരു കമ്മ്യൂണിസ്റ്റുകാരനും ചെയ്യാത്ത രീതിയില്‍ പ്രധാനമന്ത്രിയെ മൃദുലവത്കരിക്കുകയാണ് പിണറായി ചെയ്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സോളാര്‍ വിഷയത്തെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കേസെടുത്തത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണെന്നും കോണ്‍ഗ്രസില്‍ ആരോപണ വിധേയർ ആരും തെറ്റുകാരല്ലെന്നു പാർട്ടിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കോണ്‍ഗ്രസ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് വ്യക്തിഹത്യയുടെ ശ്രമമായിട്ട് മാത്രമേ ഇതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറ‍ഞ്ഞു. 

 

Trending News