ഇടതുമുന്നണി യോഗവും യുഡിഎഫ് ഏകോപന സമിതി യോഗവും ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. 

Last Updated : Jan 17, 2019, 01:09 PM IST
ഇടതുമുന്നണി യോഗവും യുഡിഎഫ് ഏകോപന സമിതി യോഗവും ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. 

സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ യോഗങ്ങള്‍ ആരംഭിക്കുകയാണ്. ഇടത് മുന്നണിയോഗം ഇന്ന് യോഗം ചേരും. കൂടാതെ, യുഡിഎഫ് ഏകോപന സമിതി യോഗവും ഇന്നു ചേരുന്നുണ്ട്.

ലോക് തന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പുതിയതായി ഉള്‍പ്പെടുത്തിയ പാര്‍ട്ടികളടക്കം പത്ത് ഘടകക്ഷികളാണ് ഇപ്പോള്‍ ഇടത് മുന്നണിയില്‍ ഉള്ളത്. മുന്നണി വിപുലീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. 

നിരവധി മുഖ്യ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വനിതാ മതിലിന്‍റെ തുടര്‍ച്ചയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഫെബ്രുവരി ആദ്യവാരം സംസ്ഥാന തല പ്രചരണ ജാഥ നടത്തുന്ന കാര്യത്തില്‍ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും.

പത്തരയ്ക്ക് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേരുന്ന യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ചും ചര്‍ച്ച നടക്കും. മുന്നണിയില്‍ ഉള്‍പ്പെടാത്ത ചെറുകക്ഷികളെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഹിതത്തിലും ചര്‍ച്ച നടക്കും.

ജെഡിയു, യുഡിഎഫ് വിട്ടപ്പോള്‍ പോകാതിരുന്ന വിഭാഗവും, എന്‍ഡിഎ വിട്ടു വന്ന രാജന്‍ ബാബു വിഭാഗത്തേയും മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകുക. അതേസമയം, പി സി ജോര്‍ജിനെ മുന്നണിയിലേക്കെടുക്കില്ല എന്നാണ് സൂചന.

 

 

Trending News