ഇതുവരെ 900 എയര്‍ ലിഫ്റ്റുകള്‍; അവസാനത്തെ ആളെയും രക്ഷിക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടരും: മുഖ്യമന്ത്രി

അവസാനത്തെ ആളെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെല്‍പ്പ് ലൈനില്‍ വരുന്ന പല സന്ദേശങ്ങളും പരിഹരിക്കപ്പെട്ടതോ വ്യാജമോ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : Aug 19, 2018, 04:11 PM IST
ഇതുവരെ 900 എയര്‍ ലിഫ്റ്റുകള്‍; അവസാനത്തെ ആളെയും രക്ഷിക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: അവസാനത്തെ ആളെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെല്‍പ്പ് ലൈനില്‍ വരുന്ന പല സന്ദേശങ്ങളും പരിഹരിക്കപ്പെട്ടതോ വ്യാജമോ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും നിരവധി സന്ദേശങ്ങള്‍ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും തെറ്റായതോ പരിഹരിക്കപ്പെട്ടതോ ആണ്. യഥാര്‍ത്ഥ സഹായം ലഭിക്കേണ്ടവര്‍ക്ക് അത് വൈകാന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ ദുരിതബാധിത മേഖലയില്‍ ഇപ്പോഴും കുറേപ്പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പരമാവധി അനുസരിക്കുകയും വേണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ നടന്നത് 900 എയര്‍ ലിഫ്റ്റുകളാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചതായും സൂചിപ്പിച്ചു.

 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും, 5 കോളം ബിഎസ്എഫും, 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്.

22 ഹെലികോപ്റ്ററുകളും, 84 നേവി ബോട്ടുകളും, 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്‌സിന്റെ 59 ബോട്ടും, തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ 16 ബോട്ടുകളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ എത്തും.

3,200 ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും 40,000 പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതിയത്:

Trending News