മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ശബരിമലയിലെ മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജനുവരി 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കളക്ടറുടെ നിര്‍ദേശം. ജനുവരി 14ന് നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി. 

Updated: Jan 3, 2018, 06:20 PM IST
മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജനുവരി 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കളക്ടറുടെ നിര്‍ദേശം. ജനുവരി 14ന് നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി. 

കരവിളക്ക് ദര്‍ശനത്തിനായി ജില്ലയില്‍ എട്ട് വ്യൂപോയിന്‍റുകളാണുള്ളത്. ഇവിടങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഇവിടെ സ്ഥാപിക്കുന്ന ബാരിക്കേഡുകളുടെ നിര്‍മ്മാണം 10ന് മുമ്പ് പൂര്‍ത്തിയാക്കും. 

സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇതിന് പുറമേ വിവിധ സ്ഥലങ്ങളിലെ ഏകോപനത്തിനായി ആറ് ജൂനിയര്‍ ഐ.പി.എസ് ഓഫീസര്‍മാര്‍ അടങ്ങുന്ന ടീമുകളെയും നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും. തീര്‍ത്ഥാടന കാലത്ത് സ്ഥിരമായി ക്യാമറകളില്‍ പതിഞ്ഞിട്ടുള്ള സംശയാസ്പദമായ ചുറ്റുപാടുകളുള്ളവരെ നിരീക്ഷിച്ച് അപ്പോള്‍ തന്നെ ഇവരുടെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ക്യാമറ നിരീക്ഷണവും സന്നിധാനത്തും പമ്പയിലും ഏര്‍പ്പെടുത്തും.

വാട്ടര്‍ അതോറിറ്റി മകരവിളക്ക് ദിവസങ്ങളിലെ ഉപയോഗത്തിനായി നിലയ്ക്കലില്‍ 3000 കിലോ ലിറ്റര്‍ കുടിവെള്ളം അധികമായി കരുതും. മകരവിളക്ക് ദിനത്തില്‍ വൈകിട്ട് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലേക്ക് ആവശ്യത്തിന് ജലം എത്തിക്കും. മുന്‍വര്‍ഷം കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചശേഷം പമ്പയിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകളില്‍ ജലം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തേ തന്നെ ജലം എത്തിക്കുന്നതിന് തീരുമാനിച്ചത്.