ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും

ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രസിഡന്‍റ് പത്മകുമാര്‍. 

Last Updated : Oct 19, 2018, 06:00 PM IST
ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രസിഡന്‍റ് പത്മകുമാര്‍. 

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മുന്‍പ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ഇത് പുന:പരിശോധനാ ഹര്‍ജിയാകുമോയെന്നുള്ള ചോദ്യത്തിന് പത്മകുമാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

കേരള ഹൈക്കോടതിയിലും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. എങ്ങനെയാണ് കോടതിയെ ബന്ധപ്പെടുകയെന്ന് സിങ്‌വിയുമായി ആലോചിക്കും. 25 പുനപരിശോധനാ ഹര്‍ജികള്‍ നിലവിലുണ്ട്. അതിലെല്ലം ദേവസ്വംബോര്‍ഡും കക്ഷിയാണെന്നും, എന്നാല്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കേണ്ടത് എങ്ങനെയാണെന്ന് സിംഗ്‌വിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നത് ഹൈക്കോടതിയാണെന്നും അതിനാല്‍ തന്നെ ശബരിമല വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. ദേവസ്വംബോര്‍ഡ് യോഗത്തില്‍ നിന്നും എ.രാഘവന്‍ വിട്ടു നിന്നത് അദ്ദേഹത്തിന്‍റെ കാലാവധി പൂര്‍ത്തിയായതിനാലാണെന്നും ദേവസ്വം പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

 

Trending News