ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ല: പൊലീസ്

സുരക്ഷ ഒരുക്കിയാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന് പൊലീസ് യുവതികളെ അറിയിച്ചു.  

Last Updated : Jan 19, 2019, 10:16 AM IST
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ല: പൊലീസ്

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്. സുരക്ഷ ഒരുക്കിയാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന് പൊലീസ് യുവതികളെ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച് തന്നെ പൊലീസ് തടഞ്ഞിരുന്നു. തുര്‍ന്ന് ഇരുവരെയും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. 

ദര്‍ശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.

അതേസമയം, പൊലീസ് പറഞ്ഞു പറ്റിച്ചെന്ന് നവോത്ഥാന കേരളം കൂട്ടായ്മ പ്രതികരിച്ചു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മലകയറാനെത്തിയത്. എന്നാല്‍ പൊലീസ് പതിവ് നാടകം കളിക്കുന്നു എന്നും കൂട്ടായ്മ പറഞ്ഞു. 

കൂടുതല്‍ യുവതികളുമായി എത്താന്‍ ശ്രമിക്കുമെന്നും നവോത്ഥാന കേരളം കൂട്ടായ്മയിലെ അംഗം ശ്രേയസ് കാണാരന്‍ പറഞ്ഞു. തങ്ങളെ കബളിപ്പിച്ച ഉദ്യോഗസ്ഥരുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് ശ്രേയസ് കണാരന്‍ പറഞ്ഞു. ആറ് പുരുഷന്‍മാരും രണ്ട് യുവതികളുമടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്.

ദര്‍ശനത്തിനെത്തിയ യുവതികളെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ ആദ്യഘട്ടം മുതലേ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് താല്പര്യമുള്ള യുവതികളെ സഹായിക്കാനായി നവോത്ഥാന കേരളം എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടത്.

Trending News